‘കെ.സിയെ മുഖ്യമന്ത്രി ആക്കണം’: ഖാർഗെക്ക് മുന്നിൽ ആവശ്യവുമായി കെ. സുധാകരൻ

Share our post

ന്യൂഡൽഹി: കെ.സി വേണു​ഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് കെ. സുധാകരൻ എം.പി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിട്ട് കണ്ട് ഇക്കാര്യം ഉന്നയിച്ചു. പ്രതിപക്ഷ മുന്നേറ്റത്തിന് തറയൊരുക്കിയത് കെ.സിയെന്നാണ് സുധാകരൻ്റെ വാദം.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തെറ്റില്ലെന്ന് കെ. സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. ചര്‍ച്ച നടക്കട്ടെയെന്നും അതിന് എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ എം.കെ രാഘവന്‍ വിമര്‍ശനമുന്നയിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സുധാകരന്‍ പറഞ്ഞു.

‘മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. ജനാധിപത്യ സംവിധാനത്തില്‍ എല്ലാവര്‍ക്കും ചര്‍ച്ച നടത്താം. അതില്‍ ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായമുണ്ട്. മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള ചര്‍ച്ച ഗുണകരമല്ലെന്ന എം.കെ രാഘവന്റെ അഭിപ്രായം വ്യക്തിപരമാണ്. അതിനോട് പ്രതികരിക്കാനില്ല. ഫലം വരുന്നതിന് മുമ്പുള്ള ചര്‍ച്ചകള്‍ ദോഷം ചെയ്യില്ല.

എം.പിമാര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കാതിരിക്കാന്‍ ഹൈക്കമാന്‍ഡിന് മേല്‍ സമ്മര്‍ദം ഉണ്ടായിട്ടില്ല. എം.പിമാര്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എംപിമാരെ മത്സരിപ്പിക്കാതിരിക്കാന്‍ ഇടപെടല്‍ നടത്തിയതായി എനിക്കറിയില്ല. എം.കെ രാഘവന്‍ പറഞ്ഞ കാര്യങ്ങളില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണം. മുഖ്യമന്ത്രി പദവിയില്‍ തീരുമാനമാകുന്നതു വരെ ചര്‍ച്ച നടക്കും. കോണ്‍ഗ്രസിന്റെ രീതി ഇതുതന്നെയാണ്. അത് പുതുമയുള്ള കാര്യമല്ല’ -സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കെതിരെ എം.കെ രാഘവന്‍ എം.പി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത്തരം ചര്‍ച്ചകള്‍ സജീവമായി നിലനില്‍ക്കുന്നതും നേതാക്കള്‍ പരസ്പരം പൊട്ടിത്തെറിക്കുന്നതും പാര്‍ട്ടിയുടെ നിലവിലെ സാഹചര്യത്തില്‍ ഒട്ടും ഗുണകരമല്ലെന്നായിരുന്നു എം.കെ രാഘവന്റെ അഭിപ്രായം. അതേസമയം, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്‌ലിം ലീഗ് അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ഉചിതമായ രീതിയിലല്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കില്‍ വോട്ടണ്ണല്‍ കഴിഞ്ഞ് ഭൂരിപക്ഷം ലഭിക്കണം. പരസ്യപ്രസ്താവന നടത്തുന്ന നേതാക്കള്‍ ശ്രദ്ധിക്കണം, പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശരാക്കുന്ന നടപടി ഉണ്ടാകരുതെന്നും പി.എം.എ സലാം വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവ് എ.പി അനില്‍കുമാറിന്റെ പാണക്കാട് സന്ദര്‍ശനത്തിലും ലീഗിന് അതൃപ്തിയുണ്ട്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തിലേക്ക് പാണക്കാടിനെ വലിച്ചിഴക്കുന്നുവെന്നാണ് ലീഗ് കരുതുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!