മോഷ്ടിച്ച ബൈക്കുമായി വർക്ഷോപ്പിൽ; പ്രതി പിടിയിലായി
കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി വർക്ഷോപ്പിലെത്തിയ നിരവധി കേസുകളിലെ പ്രതി പിടിയിൽ.കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്.കൊയിലാണ്ടി മൂടാടി സ്വദേശി കാവാലംകുന്ന് വീട്ടിൽ പി.കെ. ജസീൽ ജമാൽ(26) ആണ് കോഴിക്കോട് ടൗൺ പൊലീസിൻറെ പിടിയിലായത്.
ജസീലിൻറെ പേരിൽ മോഷണ കുറ്റം കൂടാതെ നിരവധി കേസുകളുണ്ട്. കോഴിക്കോട് കസബ, കൊയിലാണ്ടി, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി നിരോധിത ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം, വിൽപന, പോക്സോ, പൊതുസ്ഥലത്ത് കലഹം ഉണ്ടാക്കൽ എന്നിങ്ങനെ നിരവധി കേസുകളാണ് ഉള്ളത്.
ബെെക്ക് ഉടമയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.മോഷ്ടിച്ച ബൈക്കുമായി വർക്ഷോപ്പിലെത്തിയ ജസീൽ ബൈക്കിൻറെ ലോക്ക് മാറ്റിത്തരാൻ ആവശ്യപ്പെട്ടു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വർക്ഷോപ്പ് ഉടമ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ജസീലിനെ പിടികൂടുകയായിരുന്നു.
