ഒന്നുകിൽ ഭീഷണിപ്പെടുത്തി കപ്പൽ തടയും; ചിലപ്പോൾ പിടിച്ചെടുക്കും; ഇറാനുമേലുള്ള ട്രംപിന്റെ ‘ബ്ലോക്കേഡ്’
ദുബായ്: യു.എസ്. നാവികസേനയുടെ 2022-ലെ നേവൽ ഓപ്പറേഷൻസ് നിയമപുസ്തകത്തിലാണ് നാവിക ഉപരോധത്തെക്കുറിച്ചു പറയുന്നത്. അതനുസരിച്ച്, ശത്രുരാജ്യത്തിന്റെ നിയന്ത്രണത്തിലോ അവരുടെ കൈവശമോ ഉള്ള തുറമുഖങ്ങൾ, വ്യോമത്താവളങ്ങൾ, തീരപ്രദേശങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിൽനിന്നും അവിടെനിന്ന് പുറത്തുകടക്കുന്നതിൽനിന്നും കപ്പലുകളെയും വിമാനങ്ങളെയും രാജ്യഭേദമെന്യേ (ശത്രുക്കളോ നിഷ്പക്ഷരാജ്യങ്ങളോ ആരുമാകാം) തടയുന്ന നടപടിയാണ് ബ്ലോക്കേഡ് അഥവാ ഉപരോധം. ഇതുസംബന്ധിച്ച കൂടുതൽ നിർദേശങ്ങൾ ഔദ്യോഗികവിജ്ഞാപനത്തിന്റെ രൂപത്തിൽ നാവികർക്ക് കൈമാറുമെന്ന് യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചിട്ടുണ്ട്.
തുറക്കാൻ പറഞ്ഞ ട്രംപ് തന്നെ അടച്ചു
ഹോർമുസ് അടച്ചതിനെത്തുടർന്നുണ്ടായ ഇന്ധനപ്രതിസന്ധി പരിഹരിക്കാൻ കടലിടുക്ക് തുറക്കണമെന്ന് ഇറാനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു ട്രംപ്. പിന്നീട് ഹോർമുസ് തുറക്കുക തന്റെ ഉത്തരവാദിത്വമല്ലെന്നും അതുപയോഗപ്പെടുത്തുന്ന രാജ്യങ്ങൾ ഇതു നോക്കട്ടെയെന്നും നിലപാടെടുത്തു. ആ ട്രംപ് തന്നെയാണ് ഇപ്പോൾ കടലിടുക്ക് അടച്ചിരിക്കുന്നത്.
എണ്ണവിറ്റ് പണംനേടാൻ ഇറാനെ അനുവദിക്കില്ലെന്ന് ട്രംപ് ഈയിടെ ഫോക്സ് ന്യൂസിനോട് പറഞ്ഞിരുന്നു. ഹോർമുസിലൂടെ പോകുന്ന കപ്പലൊന്നിന് 20 ലക്ഷം ഡോളർവീതം ഈടാക്കാനുള്ള പദ്ധതി ഇറാൻ മുന്നോട്ടുവെച്ചതോടെയായിരുന്നു അത്. ഇറാന്റെ നീക്കം സമുദ്രഗതാഗതത്തിനുള്ള സ്വാതന്ത്ര്യമില്ലാതാക്കുമെന്ന് ട്രംപ് വാദിച്ചിരുന്നു. യുദ്ധം തുടങ്ങിയശേഷം ഹോർമുസിലൂടെ പോയ ചില കപ്പലുകളോട് ഇറാൻ വലിയ തുക ഈടാക്കിയിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് നിർത്തി ഇറാൻ ഭരണകൂടത്തിനുള്ള പ്രധാന വരുമാനസ്രോതസ്സുകൾ അടയ്ക്കുക എന്നതും നാവിക ഉപരോധത്തിന്റെ ലക്ഷ്യമാണ്.
ഉപരോധം തുടങ്ങി
ഇറാനെതിരെ യുഎസ് ഏർപ്പെടുത്തിയ പുതിയ ഉപരോധം ഇന്ത്യൻസമയം തിങ്കളാഴ്ചരാത്രി ഏഴരയ്ക്ക് ഉപരോധം നിലവിൽവന്നു. ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പോകുകയും വരുകയുംചെയ്യുന്ന കപ്പലുകളെ രാജ്യഭേദമില്ലാതെ തടയുമെന്ന്് യു.എസ്. സെൻട്രൽ കമാൻഡ് (സെന്റ്കോം) അറിയിച്ചു. ഇറാന്റേതല്ലാത്ത തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകൾ ഹോർമുസ് വഴി കടത്തിവിടുമെന്നും പറഞ്ഞു. അതേസമയം, ഹോർമുസ് പൂർണമായി ഇറാന്റെ നിയന്ത്രണത്തിൽ തുടരുമെന്നും അതിലൂടെ സൈനികേതര കപ്പലുകൾമാത്രമേ കടത്തിവിടുകയുള്ളൂവെന്നും ഇസ്ലാമിക് റെവലൂഷണറി ഗാർഡ്സ് വ്യക്തമാക്കി. ഏതെങ്കിലും പടക്കപ്പലുകൾ ഹോർമുസിലേക്ക് കടക്കാൻശ്രമിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പുനൽകി.
യു.എസ്. നാവികസേനാക്കപ്പലുകൾക്കുനേരേ വന്നാൽ ഇറാന്റെ കപ്പലുകളെ തകർക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിമുഴക്കി. ഉപരോധത്തെ സർവാത്മനാ പിന്തുണയ്ക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം യു.എസ്. നാവികസേന പൂർണമായും തടയുമെന്ന് ഞായറാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. അതുസംഭവിച്ചാൽ പേർഷ്യൻ-ഒമാൻ ഉൾക്കടലുകളിലുള്ള എല്ലാ തുറമുഖങ്ങളും ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. യുദ്ധത്തിന് ശാശ്വതസമാധാനമുണ്ടാക്കാനായി പാകിസ്താനിൽ ശനിയാഴ്ചയും ഞായറാഴ്ചയും നടന്ന ചർച്ച പരാജയപ്പെട്ടതാണ് കാര്യങ്ങൾ വഷളാക്കിയത്. യുദ്ധം തുടങ്ങിയശേഷം ഇറാൻ ഹോർമുസ് അടച്ചെങ്കിലും ഇന്ത്യ, ചൈന, ഇറാഖ് തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകളെയും ഇറാന്റെ എണ്ണ കൊണ്ടുപോകുന്ന കപ്പലുകളെയും കടത്തിവിട്ടിരുന്നു.
