‘കുട്ടികളെ ഇന്റേണൽ മാര്ക്ക് പറഞ്ഞ് ഭീഷണിപ്പെടുത്തി, ആരും മരണ വീട്ടിൽ എത്തിയില്ല, അത് സംശയം കൂട്ടുന്നു’
തിരുവനന്തപുരം: നിതിൻ രാജ് മരിച്ചപ്പോൾ കോളജിൽ നിന്ന് ഒരാളുപോലും മരണവീട്ടിൽ എത്തിയില്ല എന്നത് ഗൗരവമുള്ള കാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മരണവീട്ടിൽ കോളജിൽ നിന്നുള്ള ഒരാളുപോലും എത്താത്തത് സംശയം വർധിപ്പിക്കുന്നു. സാധാരണഗതിയിൽ ഇത്തരത്തിലൊരു കാര്യം സംഭവിച്ചാൽ അനുശോചനം രേഖപ്പെടുത്താൻ മുഴുവൻ വിദ്യാർഥികളും വീട്ടിൽ വരേണ്ടതാണ്. എന്നാൽ ഒരു വിദ്യാർഥി പോലും വന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
പോകാൻ പാടില്ലെന്ന് മാനേജ്മെന്റ് കർശന നിർദേശം നൽകിയതു കൊണ്ടാണ് ആരും എത്താതിരുന്നതെന്നും ഇന്റേണൽ മാർക്കിന്റെ കാര്യം പറഞ്ഞാണ് കുട്ടികളെ ഭീഷണിപ്പെടുത്തിയതെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ തിരുവനന്തപുരം പുതുക്കുളങ്ങരയിലുള്ള വീട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു. നിതിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി, അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും സർക്കാരിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
കോളജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നതാണ്. ആധുനിക കേരളത്തിൽ ജാതിയുടെ പേരിൽ യാതൊരുവിധത്തിലുള്ള വേർതിരിവും അംഗീകരിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. ആരുടെയും മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി. മകനെ നഷ്ടപ്പെട്ട നിതിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ചെയ്യുമെന്നും മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു. മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം അനന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
‘‘നിതിൻ രാജിന്റെ വേർപാട് വളരെ ഗൗരവമുള്ള സംഭവമായാണ് സർക്കാർ കാണുന്നത്. നിതിന്റെ പിതാവുമായി ഏറെ നേരം സംസാരിച്ചു. കോഴ്സിന് ചേർന്ന അന്ന് മുതൽ നിതിനെ പീഡിപ്പിക്കുന്നുണ്ടെന്നാണ് പിതാവ് പറഞ്ഞത്. വകുപ്പ് മോധാവി റാമാണ് ജാതി പറഞ്ഞ് അധിക്ഷേപിച്ചതെന്നാണ് പിതാവ് പറഞ്ഞത്. നിതിന്റെ പിതാവ് കോളജിൽ ചെന്നപ്പോൾ വേണ്ട പരിഗണന കൊടുക്കാൻ അധികൃതർ തയാറായിട്ടില്ല. ഇവർ പറയുന്നത് കേൾക്കാനോ തയാറായില്ല.
നീതിപൂർവമായ അന്വേഷണം വേണമെന്നാണ് നിതിന്റെ കുടുംബം ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ കേസ് സംബന്ധിച്ച് എസ്പിയുമായി സംസാരിച്ചു. കേസ് അന്വേഷിക്കാൻ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ആത്മഹത്യ പ്രേരണ, ജാതി വിളിച്ച് ആക്ഷേപിച്ചു എന്നതെല്ലാം സംഘം അന്വേഷിക്കും’’– ശിവൻകുട്ടി പറഞ്ഞു.
