തുടർഭരണം ഉറപ്പാക്കാമോ?; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരും. തുടർഭരണ സാധ്യതയും പോളിംഗ് ട്രെൻഡും പരിശോധിക്കുന്ന യോഗത്തിൽ പ്രാഥമിക അവലോകന റിപ്പോർട്ടുകളും ചർച്ചയാകും.
അതേസമയം, സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗം പ്രത്യക്ഷമായി കാണാൻ കഴിഞ്ഞില്ലെന്നാണ് ശനിയാഴ്ച ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും വിലയിരുത്തിയത്.
72-80 സീറ്റുകളിൽ ഇടതുമുന്നണിക്കു വിജയിക്കാനാകും. 12 സീറ്റുകളിൽ ഉറപ്പായും വിജയിക്കാനാകും. മന്ത്രിമാരായ ജി.ആർ. അനിൽ, കെ. രാജൻ, ജെ. ചിഞ്ചുറാണി, പി. പ്രസാദ് എന്നിവർ വിജയിക്കുമെന്നും യോഗം വിലയിരുത്തി.
അടൂരിലും ചിറയിൻകീഴിലും കടുത്ത മത്സരമാണ് നടന്നത്. എങ്കിലും ഈ രണ്ടു സീറ്റുകളിലും വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ ഇടതുമുന്നണിക്കായെന്നും യോഗം വിലയിരുത്തി. ഫലം വന്നതിനു ശേഷം കൂടുതൽ വിലയിരുത്തലുകളിലേക്കു കടക്കാനും നേതൃയോഗം തീരുമാനിച്ചു.
