സമ്മാനം തരാമെന്ന് പറഞ്ഞ് 12-കാരന് നേരേ ലൈംഗികാതിക്രമം; പോക്സോ കേസിൽ 63-കാരന് ഏഴുവർഷം കഠിനതടവ്
നാദാപുരം: 12 വയസ്സുള്ള ബാലനെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ കേസിലെ പ്രതിക്ക് ഏഴുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷവിധിച്ച് നാദാപുരം പോക്സോ കോടതി.
മാഹി പാറക്കൽ മുകുന്ദമാല രാജീവനെ (63) നാദാപുരം കോടതി ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. 12 വയസുള്ള കുട്ടിയെ ബൈക്കിൽ കയറ്റി പലസ്ഥലങ്ങളിലും കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് വിധി.
പ്രതി കുട്ടിക്ക് സമ്മാനം വാഗ്ദാനം നൽകി പിന്നീടു പലദിവസങ്ങളിലും ഉപദ്രവിച്ചുവെന്നതാണ് കേസ്. ചോമ്പാല പോലീസ് രജിസ്റ്റർചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ വി.കെ. മനീഷ്, എ.എസ്.ഐ. പി. വൈജ എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
