വയനാട് ദുരന്തം: വീട് നൽകാമെന്നുപറഞ്ഞ് ടി. സിദ്ദിഖ് ശ്രുതിയെ പറ്റിച്ചെന്ന് സിപിഎം; മറുപടി നൽകി എംഎൽഎ
കല്പറ്റ: ചൂരൽമല ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിയ്ക്ക് വീട് നൽകാമെന്ന് പറഞ്ഞ് ടി. സിദ്ദിഖ് എം.എൽഎ. പറ്റിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്. 120 ദിവസംകൊണ്ട് വീട് നൽകാമെന്ന് പറഞ്ഞിട്ട് ഇതുവരെ ശ്രുതിക്ക് വീട് നൽകിയില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു.
വീട് നൽകാമെന്ന വാഗ്ദാനംകേട്ട് ശ്രുതി സർക്കാർ ടൗൺഷിപ്പിലെ വീട് വേണ്ടെന്നുവെച്ച് 15 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇപ്പോൾ 15 ലക്ഷം തിരികെതരാം വീട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയിരിക്കുകയാണെന്നും കെ. റഫീഖ് പറഞ്ഞു. എല്ലാംനഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ കണ്ണീരുകൊണ്ട് റീൽസുണ്ടാക്കി ഉപയോഗിക്കുകയാണ് എംഎൽഎ ചെയ്തതെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു.
അതേസമയം, സിപിഎം ജില്ലാ സെക്രട്ടറി നുണ പറയുകയാണെന്ന് ടി. സിദ്ദിഖ് പ്രതികരിച്ചു. ശ്രുതിക്ക് വീട് നിർമിച്ചുനൽകാമെന്ന് പറഞ്ഞത് ഒരു വ്‌ളോഗറാണ്. താൻ തറക്കല്ലിടൽ ചടങ്ങിന് അതിഥിയായാണ് പങ്കെടുത്തത്. ശ്രുതിയെ രാഷ്ട്രീയവിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടതില്ലായിരുന്നുവെന്നും ടി.സിദ്ദിഖ് പറഞ്ഞു.
