“അന്ന് അപ്പോളോ, ഇന്ന് ആർട്ടെമിസ്; മാറ്റമില്ലാത്ത ഒരേയൊരു അത്ഭുതം!”
വാഷിംഗ്ടൺ: കാലം മാറി, സാങ്കേതികവിദ്യ മാറി, പക്ഷേ ബഹിരാകാശത്തെ ആ നീല വിസ്മയത്തിന് ഇന്നും ഒരേ തിളക്കം. 1972ൽ അപ്പോളോ 17 യാത്രികർ ലോകത്തിന് കാട്ടിക്കൊടുത്ത അതേ ‘ബ്ലൂ മാർബിൾ’ വിസ്മയം, 2026ൽ ആർട്ടെമിസ് II പേടകത്തിലെ ക്യാമറക്കണ്ണുകൾ വീണ്ടും ഒപ്പിയെടുത്തിരിക്കുന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയിൽ മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് തിരിക്കുമ്പോൾ നാസ പുറത്തുവിട്ട ഭൂമിയുടെ താരതമ്യ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഒറ്റ ഫ്രെയിമിൽ ഒതുക്കിയെ ഭൂമിയുടെ വിസ്മയ ചിത്രമാണിത്.
‘ഹലോ വേൾഡ്’: ആർട്ടെമിസിന്റെ ആദ്യ സെൽഫി
ഭൂമിയിൽ നിന്ന് 1.6 ലക്ഷം കിലോമീറ്റർ അകലെ വെച്ച് ആർട്ടെമിസ് II മിഷൻ കമാൻഡർ റീഡ് വൈസ്മാൻ പകർത്തിയ ചിത്രത്തിന് ‘ഹലോ, വേൾഡ്’ എന്നാണ് നാസ പേരിട്ടിരിക്കുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ നീലിമയും, അന്തരീക്ഷത്തിന്റെ നേർത്ത വലയവും, ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന അത്ഭുതപ്രതിഭാസമായ അറോറ (Aurora) അഥവാ നോർത്തേൺ ലൈറ്റ്സിന്റെ പച്ച വെളിച്ചവും ചേർന്നതാണ് ചിത്രം. “വടക്കൻ വിളക്കുകൾ നിറഞ്ഞ ഭൂമിയുടെ ഈ കാഴ്ചയോളം മനോഹരമായ മറ്റൊന്നില്ല” എന്നാണ് കമാൻഡർ റീഡ് വൈസ്മാൻ തന്റെ അനുഭവത്തെക്കുറിച്ച് പറഞ്ഞത്.
ഫിലിം റോളിൽ നിന്ന് ഡിജിറ്റൽ കരുത്തിലേക്ക്
1972ലെ അപ്പോളോ 17 മിഷൻ പഴയ ഫിലിം ക്യാമറകളിലാണ് ഭൂമിയുടെ പൂർണരൂപം പകർത്തിയത്. ഇന്ന് 28ലധികം അത്യാധുനിക ക്യാമറകളുമായാണ് ഒറിയോൺ പേടകം കുതിക്കുന്നത്. ഇതിൽ പ്രൊഫഷണൽ മിറർലെസ് ക്യാമറയായ നിക്കോൺ Z9 മുതൽ സോളാർ പാനലുകളിൽ ഘടിപ്പിച്ച ഗോപ്രോ ക്യാമറകൾ വരെ ഉൾപ്പെടുന്നു.
ലക്ഷ്യം ചന്ദ്രൻ; ദൗത്യം തുടരുന്നു
മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയൻ യാത്രികനുമടങ്ങുന്ന സംഘം നിലവിൽ ചന്ദ്രനിലേക്കുള്ള പാതയിലാണ്. ചന്ദ്രനിൽ ഇറങ്ങാതെ, ചന്ദ്രനെ ചുറ്റി വന്ന് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുക എന്നതാണ് ഈ 10 ദിവസത്തെ പരീക്ഷണ പറക്കലിന്റെ ലക്ഷ്യം.
