ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനം ആക്രമിച്ചതായി ഇറാന്. കൃത്യതയോടെയുള്ള ആക്രമണത്തില്‍ കേന്ദ്രം പൂര്‍ണമായി തകര്‍ത്തതായി ഇറാനിലെ തസ്നിം വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഐആര്‍ജിസിയുമായി ബന്ധമുള്ള ഏജന്‍സിയാണ് തസ്നിം. ഒരു കെട്ടിടം കത്തുന്ന ദൃശ്യങ്ങള്‍ തസ്നിം ന്യൂസ് ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായിട്ടില്ല.
വെള്ളിയാഴ്ച പുലർച്ചെ ടെൽ അവീവ് മേഖലയിലെ ഒമ്പത് സ്ഥലങ്ങളിലാണ് ഇറാന് മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു റെയില്‍വെ സ്റ്റേഷനും കെട്ടിടങ്ങള്‍ക്കും കേടുപാടുകളുണ്ടായി. സാവിഡോര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നാശനഷ്ടങ്ങളുണ്ടായതായി ഇസ്രയേലി ടെലിവിഷനായ കെ.എ.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതികളും ഇറാനും നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റതായി ഇസ്രയേലി മാധ്യമമായ ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഗൾഫ് രാജ്യങ്ങളില്‍ ഇറാനില്‍ നിന്നും ആക്രമണം തുടരുകയാണ്. കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റും എണ്ണ ശുദ്ധീകരണശാലയും ഇറാൻ ആക്രമിച്ചു. യുഎഇയിലെ ഗ്യാസ് പ്ലാന്റും വെള്ളിയാഴ്ച രാവിലെ ഇറാന് ലക്ഷ്യമിട്ടിരുന്നു. ഇറാനിലെ വൈദ്യുത നിലയങ്ങൾ ആക്രമിക്കുമെന്ന യുഎസ് ഭീഷണി തുടർന്നാൽ പ്രാദേശിക ഊർജ്ജ സൗകര്യങ്ങളെയും യു.എസ് ഓഹരി ഉടമകളുള്ള കമ്പനികളെയും ആക്രമിക്കുമെന്ന് ഇറാന് സൈനിക വക്താവ് മുന്നറിയിപ്പ് നൽകി.