കണ്ണൂർ യു.ഡി.എഫിന് ലീഗൽ ബ്രിഗേഡ്
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോൾ കണ്ണൂർ ജില്ലയിൽ യു.ഡി.എഫിനായി അങ്കത്തട്ടിൽ ലീഗൽ ബ്രിഗേഡ്. ജില്ലയിലെ 11 മണ്ഡലങ്ങളിലായി മുന്നണിക്കുവേണ്ടി ജനവിധി തേടുന്നവരിൽ ആറു പേരും അഭിഭാഷകർ. ഒരു മുന്നണിയുടെ ഭാഗമായി ഇത്രയധികം അഭിഭാഷകർ ഒരൊറ്റ ജില്ലയിൽ മത്സരരംഗത്തിറങ്ങുന്നത് തിരഞ്ഞെടുപ്പ് ചരിത്രത്തിൽ അപൂർവം. അഞ്ചുപേർ കോൺഗ്രസിനുവേണ്ടിയും ഒരാൾ മുസ്ലിംലീഗിനുവേണ്ടിയുമാണ് ഗോദയിലുള്ളത്. ഈ നിയമ പടയണിക്ക് നേതൃത്വം നൽകുന്നത് കെ.പി.സി.സി പ്രസിഡന്റും പേരാവൂർ മണ്ഡലത്തിലെ നിലവിലെ എം.എൽ.എയുമായ അഡ്വ. സണ്ണി ജോസഫാണ്. കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം ഇത്തവണയും പേരാവൂരിൽ നിന്ന് ജനവിധി തേടുന്നു.
ഇരിക്കൂർ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുന്ന അഡ്വ. സജീവ് ജോസഫും കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് പൂർവ്വ വിദ്യാർത്ഥിയാണ്. സുപ്രീം കോടതിയിലും മട്ടന്നൂർ, തലശ്ശേരി കോടതികളിലും പ്രാക്ടീസ് ചെയ്ത അദ്ദേഹം കണ്ണൂർ ജില്ലാ ഉപഭോക്തൃ ഫോറം അംഗമായും 2002 മുതൽ 2007 വരെ ജില്ലാ ഉപഭോക്തൃ കോടതി ജൂറി അംഗമായും സേവനമനുഷ്ഠിച്ചു.
കോർപ്പറേഷൻ മുൻ മേയറും കണ്ണൂർ ബാറിലെ അറിയപ്പെടുന്ന അഭിഭാഷകനുമായ അഡ്വ. ടി.ഒ. മോഹനൻ കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി. കെ.എസ്.ഇ.ബിയിലും കണ്ണൂർ അർബൻ ബാങ്കിലും നിയമോപദേശകനായി പ്രവർത്തിച്ചിട്ടുണ്ട്.
മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റും കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് പൂർവ്വ വിദ്യാർഥിയുമായ അഡ്വ. കരീം ചേലേരി അഴീക്കോട് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. ഹൈക്കോടതിയിലും കണ്ണൂർ ബാറിലും അഭിഭാഷകനായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാൻ ധർമ്മടം മണ്ഡലത്തിൽ ഇറങ്ങിയ അഡ്വ. വി.പി. അബ്ദുൾ റഷീദ് ഇത്തവണ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സ്ഥാനാർത്ഥികളിൽ ഒരാളാണ്. പാലയാട് യൂണിവേഴ്സിറ്റി ലീഗൽ സ്റ്റഡീസിൽ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം തലശ്ശേരി, പയ്യന്നൂർ, കണ്ണൂർ കോടതികളിൽ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് ലീഗൽ സർവീസ് അതോറിറ്റി പാനൽ അഭിഭാഷകൻ കൂടിയാണ്.
കല്യാശ്ശേരി മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന അഡ്വ. രാജീവൻ കപ്പച്ചേരി തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്ന് നിയമബിരുദം നേടിയ ശേഷം തളിപ്പറമ്പ് ബാറിലും ഹൈക്കോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു. നീതിന്യായ ലോകത്ത് ഉറച്ച അടിത്തറ പാകിയ ഈ ആറ് അഭിഭാഷകർ ജനകോടതിയിൽ വാദം നടത്തുകയാണ്. നിയമ വൈദഗ്ദ്ധ്യം ഭരണ നിർവഹണത്തിനും ഗുണകരമാകുമെന്ന സന്ദേശവുമായാണ് ഈ ‘ലീഗൽ ബ്രിഗേഡ്’ ജനങ്ങൾക്കു മുന്നിലെത്തുന്നത്.
അഡ്വക്കറ്റുമാരായസ്ഥാനാർത്ഥികൾഅഡ്വ. സണ്ണി ജോസഫ് ,അഡ്വ. സജീവ് ജോസഫ് ,അഡ്വ. ടി.ഒ. മോഹനൻ ,അഡ്വ. കരീം ചേലേരി ,അഡ്വ. വി.പി. അബ്ദുൾ റഷീദ്
അഡ്വ. രാജീവൻ കപ്പച്ചേരി
