രണ്ട് വിമാനം പാട്ടത്തിനെടുക്കും, ടിക്കറ്റ് നിരക്ക് 3,500 രൂപ മുതൽ; കൊച്ചി ആസ്ഥാനമാക്കി ചിറക് വിടർത്താൻ ‘കോ–കേരള’ വിമാനക്കമ്പനി

Share our post

കോഴിക്കോട് : കേരളത്തിന്റെ സഹകരണ മേഖലയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് കുറഞ്ഞ നിരക്കിൽ വിമാനയാത്ര എന്ന ലക്ഷ്യവുമായി ആരംഭിക്കാനിരിക്കുന്ന ‘കോ–കേരള’ വിമാനക്കമ്പനിയുടെ പ്രാരംഭപ്രവർത്തനങ്ങൾ അടുത്ത ഘട്ടത്തിലേക്ക്. സഹകരണ മേഖലയിൽ വിമാന കമ്പനി ആരംഭിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ബൈലോയും ബുധനാഴ്ച സഹകരണ മന്ത്രി എം.ലിജുവിനു കൈമാറുമെന്ന് വിമാനക്കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ സഹകാരിയും എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സി.എൻ.വിജയകൃഷ്ണൻ മനോരമ ഓൺലൈനോടു പറഞ്ഞു.

കാലിക്കറ്റ് സിറ്റി സർവീസ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഇരുപത്തിയഞ്ചാം വാർഷിക ഉദ്ഘാടനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ സഹകരണമേഖലയിൽ സാധാരണക്കാർ നിക്ഷേപിച്ച പണം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുമെന്നും സഹകരണമേഖലയിലെ നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രഖ്യാപിച്ചത് ഈ മേഖലയ്ക്ക് തന്നെ പുതിയ ഉത്തേജനവും ആത്മവിശ്വാസവും നൽകുന്നതാണ്. കേരളത്തിൽ സഹകരണ മേഖലയിൽ വിമാനം തുടങ്ങാൻ എല്ലാ അനുമതിയും കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ അനുമതി സഹകരണമേഖലയ്ക്ക് ഒരു പുതിയ ദിശാബോധം ഉണ്ടാക്കുന്നതാണ്. കമ്പനിയുടെ തുടർ പ്രവർത്തനങ്ങളിലും ശുഭാപ്തി വിശ്വാസമുണ്ടെന്നും ആ വിശ്വാസത്തിൽ സഹകാരികളും സഹകരണ മേഖലയെ സ്നേഹിക്കുന്ന എല്ലാവരുടെയും സഹായം അഭ്യർഥിക്കുന്നതായും വിജയകൃഷ്ണൻ പറഞ്ഞു.

സംസ്ഥാനത്തെ 200 സഹകരണ സംഘങ്ങളിൽ നിന്ന് രണ്ടു കോടി രൂപ വീതം നിക്ഷേപം സ്വീകരിച്ച് 400 കോടി രൂപ മൂലധനത്തിൽ കൊച്ചിയിലെ രാജ്യാന്തര വിമാനത്താവളം ലിമിറ്റഡിന്റെ(സിയാൽ) മാതൃകയിലാകും കേരള സിവിൽ ഏവിയേഷൻ ഡവലപ്മെന്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിലുള്ള വിമാനക്കമ്പനി പ്രവർത്തിക്കുക. കൊച്ചി വിമാനത്താവള കമ്പനിക്കായി പണം സ്വരൂപിച്ചതു പോലെ സംസ്ഥാന സർക്കാരിന് സാമ്പത്തിക ബാധ്യത വരുത്താതെ പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ നിന്നും കമ്പനിക്കായി നിക്ഷേപ സമാഹരണം നടത്തും. രാജ്യത്ത് സഹകരണ മേഖലയുടെ നേതൃത്വത്തിൽ തുടങ്ങുന്ന ആദ്യ വിമാനക്കമ്പനി കൂടിയാകും ഇത്.

കൊച്ചിയിലെ നെടുമ്പാശേരി ആസ്ഥാനമാക്കി 72 സീറ്റുള്ള രണ്ട് വിമാനം പാട്ടത്തിനെടുത്താണ് സർവീസുകൾ തുടങ്ങാൻ പദ്ധതിയിടുന്നത്. കോഴിക്കോട്, കണ്ണൂർ, ബെംഗളൂരു, മംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലേക്കാണ് പ്രാരംഭഘട്ടത്തിൽ സർവീസുകൾ നടത്താൻ ശ്രമിക്കുന്നത്. 3,500 രൂപ മുതൽ 7,000 രൂപ വരെ ടിക്കറ്റ് നിരക്കിലാകും വിമാനടിക്കറ്റ്. പ്രവർത്തന പുരോഗതി വിലയിരുത്തി തുടർഘട്ടങ്ങളിൽ നാലും പിന്നീട് ആറു വിമാനങ്ങളും പാട്ടത്തിനെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രാരംഭഘട്ടത്തിൽ 200 പേർക്കെങ്കിലും തൊഴിലവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഭാവി പ്രവർത്തനങ്ങളിൽ വ്യോമയാന അനുബന്ധ പരിശീലന സ്ഥാപനങ്ങളും കമ്പനി പദ്ധതിയിടുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!