ഭിന്നശേഷിക്കാർക്കുള്ള കോച്ചുകളിൽ യാത്ര അരക്ഷിതാവസ്ഥയിൽ
കാസർകോട്: സുരക്ഷാ സംവിധാനങ്ങളോ നിരീക്ഷണമോ ഇല്ലാത്തതിനാൽ ട്രെയിനുകളിൽ ഭിന്നശേഷിക്കാർക്കുള്ള കോച്ചുകളിലെ യാത്ര അരക്ഷിതാവസ്ഥയിൽ. കഴിഞ്ഞ ദിവസം തിരുവനന്തപുരം – ലോകമാന്യതിലക് സ്പെഷ്യൽ ട്രെയിനിലെ ഭിന്നശേഷി കോച്ചിൽ യാത്ര ചെയ്‌ത കാസർകോട് സ്വദേശിനിക്കുണ്ടായ ദുരനുഭവം ഇതാണ് തെളിയിക്കുന്നത്.
എൻജിൻ ഭാഗത്തോട് ചേർന്നുള്ള ഇൗ കോച്ചിൽ റെയിൽവേ പൊലീസിന്റെയോ ആർപിഎഫിന്റെയോ നിരീക്ഷണം ഉണ്ടാകാറില്ലെന്ന് വ്യക്തം. സ്‌ത്രീകളാണ് കൂടുതലുംഅതിക്രമങ്ങൾക്ക് ഇരയാകുന്നത്. ഇൗ കോച്ചുകളിൽ സാമൂഹ്യവിരുദ്ധർ കയറിക്കൂടുന്നത് തടയാൻ നടപടിയുണ്ടാകുന്നില്ല.
ആത്മധൈര്യംകൊണ്ടുമാത്രമാണ് കഴിഞ്ഞ ദിവസം കാസർകോട് സ്വദേശിനി അതിക്രമത്തിൽനിന്ന് രക്ഷനേടിയത്. ഭിന്നശേഷി കോച്ച് ട്രെയിനിന്റെ ഏറ്റവും മുന്നിൽ എൻജിനോട് ചേർന്നോ, പിന്നിൽ ഗാർഡ് വാനിനോട് ചേർന്നോ ക്രമീകരിക്കുന്നത് യാത്രക്കാരെ തീർത്തും ഒറ്റപ്പെടുത്തുമെന്ന് ഭിന്നശേഷിക്കാരുടെ സംഘടനകൾ പറയുന്നു.
ജനറൽ കോച്ചുകളിൽനിന്ന് ദൂരെയായതിനാൽ ഇത്തരം കോച്ചുകളിൽ അക്രമികൾക്കും സാമൂഹ്യവിരുദ്ധർക്കും എളുപ്പത്തിൽ കടന്നുകയറാനാകും. ഭിന്നശേഷി കോച്ചുകളിൽ ആവശ്യത്തിന് റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരോ യാത്രാസഹായ സംവിധാനങ്ങളുടെയോ ഉണ്ടാകാറില്ല.
ഭിന്നശേഷി കോച്ച് ട്രെയിനിന്റെ മധ്യഭാഗത്തേക്ക് മാറ്റണമെന്നും യാത്രയിലുടനീളം സുരക്ഷ ഉറപ്പാക്കണമെന്നും ഭിന്നശേഷിക്കാരുടെ സംഘടനകൾ അധികൃതരോട് പലതവണ ആവശ്യപ്പെട്ടതാണ്. ഇതുവരെ നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ വർഷം നവംബറിൽ ഭിന്നശേഷിക്കാരനായ യുവാവിനുനേരെ ശാസ്‌താംകോട്ടയിൽ ഭിന്നശേഷി കോച്ചിൽ ആക്രമണമുണ്ടായി.
സുരക്ഷിത യാത്ര അവകാശം
ട്രെയിനുകളിൽ ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള എല്ലാ യാത്രക്കാർക്കും സുരക്ഷിതമായ യാത്ര അവകാശമാണെന്ന് ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് എക്‌സിക്യൂട്ടീവ് അംഗം ഡോ. ഹബീബ് ചുള്ളിയിൽ പറഞ്ഞു.
തിരുവനന്തപുരം–ലോകമാന്യതിലക് സ്പെഷ്യൽ ട്രെയിനിലെ ഭിന്നശേഷി കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് സംസ്ഥാന കമ്മിറ്റി അംഗമായ കാസർകോട് സ്വദേശിനിക്കുനേരെയുണ്ടായ അതിക്രമം അപലപനീയമാണ്.
സംഘടനയുടെ എറണാകുളം ജില്ലാ സമ്മേളനം കഴിഞ്ഞ് മകനോടൊപ്പം യാത്ര ചെയ്യുന്പോഴാണ് ഭിന്നശേഷി കോച്ചിലേക്ക് അതിക്രമിച്ച് കയറി യുവാവ് ഇവരെ ആക്രമിച്ചത്.
അപ്രതീക്ഷിത അക്രമണത്തെ ആത്മധൈര്യം കൈവിടാതെ ചെറുത്തുതോൽപ്പിച്ചാണ് അവർ രക്ഷ നേടിയത്. അറസ്റ്റിലായ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
