എം.ബി.ബി.എസ് പരീക്ഷയിൽ കൂട്ട കോപ്പിയടി; കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദ്യാർഥികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു

Share our post

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളേജിൽ നടന്ന അവസാന വർഷ പരീക്ഷയിൽ കൂട്ട കോപ്പിയടി നടത്തിയ വിദ്യാർഥികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു. കഴിഞ്ഞ ജൂലൈയിൽ കേരള ആരോഗ്യ സർവകലാശാല നടത്തിയ എംബിബിഎസ് അവസാന വർഷ പരീക്ഷയിലാണ് കൂട്ട കോപ്പിയടി നടന്നത്. പരീക്ഷ ഹാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കോപ്പിയടി സർവകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് 32 വിദ്യാർഥികളെയും അന്നു പരീക്ഷ പരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും സർവകലാശാലയുടെ അച്ചടക്ക സമിതി നേരിട്ടു വിളിച്ചു വരുത്തി തെളിവെടുത്തു.

അന്ന് ഇൻവിജിലേറ്റർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകരെ നേരിട്ടു ശാസിച്ചിരുന്നു. കുറ്റക്കാരെന്നു തെളിഞ്ഞ 25 വിദ്യാർഥികളുടെ ജനറൽ മെഡിസിൻ പരീക്ഷ അസാധുവാക്കി. അവർ അടുത്ത ചാൻസിൽ വീണ്ടും പരീക്ഷ എഴുതാൻ നിർദേശിച്ചിരുന്നു. അതുപ്രകാരം ഇവരുടെ തിയറി പരീക്ഷ കഴിഞ്ഞ ദിവസം നടന്നു. ക്ലിനിക്കൽ പരീക്ഷയുടെ തീയതി അടുത്ത ദിവസം വരും.

കൂടാതെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പി അടിക്കാൻ ശ്രമിച്ച ഒരു വിദ്യാർഥിയെ പരീക്ഷകൾ എഴുതുന്നതിൽനിന്ന് ഒരു വർഷത്തേക്കു വിലക്കി. ശിക്ഷാവിധി വന്നിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും അധികൃതർ പൊതുസമൂഹത്തിൽനിന്നു വിവരങ്ങൾ മറച്ചു വയ്ക്കുകയായിരുന്നു. വർഷങ്ങളായി രാഷ്ട്രീയ താൽപര്യങ്ങൾക്കു വഴങ്ങി ചില അധ്യാപകർ വിദ്യാർഥികൾക്കിടയിൽ അച്ചടക്ക ലംഘനം പ്രോത്സാഹിപ്പിക്കുന്നതിനാലാണ് ഇത്തരം പ്രവണതകൾ കൂടി വരുന്നതെന്ന് അധ്യാപകർക്കിടയിൽ വ്യാപകമായ അഭിപ്രായമുണ്ട്.

വിദ്യാർഥികൾക്കിടയിൽ അച്ചടക്കം വളർത്താൻ അധികൃതർ എടുത്ത തീരുമാനങ്ങൾക്ക് എതിരെ ഒരു വിദ്യാർഥികളുടെ വാട്സാപ് ഗ്രൂപ്പിൽ ഒരു വിദ്യാർഥി സംഘടനയുടെ പേരിൽ വന്ന കുറിപ്പോടെയാണ് കോപ്പിയടി നടന്നതായി പുറം ലോകം അറിഞ്ഞത്. കേരളത്തിലെ ഒരു ഗവ. മെഡിക്കൽ കോളജിൽ ഇത്രയേറെ വിദ്യാർഥികൾ കോപ്പിയടിച്ചതിനു പിടിക്കപ്പടുന്നത് ആദ്യമാണ്. സംസ്ഥാനത്ത് അധ്യാപന രംഗത്തുൾപ്പെടെ മികച്ച നിലവാരം പുലർത്തുന്ന കോളജുകളിലൊന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ്. അവിടെയാണ് ഇത്തരം ഒരു സംഭവം ഉണ്ടായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!