ആശ വർക്കർമാർക്ക് കേന്ദ്ര സർട്ടിഫിക്കേഷൻ; 200 മണിക്കൂർ പരിശീലനം, പരീക്ഷ ജയിച്ചാൽ 5,000 രൂപ
ആലപ്പുഴ: ‘ആശ’മാരുടെ പ്രവർത്തനമികവു കൂട്ടാൻ കേന്ദ്രസർക്കാർ സർട്ടിഫിക്കേഷൻ നടപ്പാക്കുന്നു. രാജ്യമാകെ 10 ലക്ഷം ആശമാർക്കു പരിശീലനം നൽകി പരീക്ഷ നടത്തിയാണ് സാക്ഷ്യപത്രം നൽകുക. കേരളത്തിൽ വയനാട് ജില്ലയിലാണു തുടക്കം. തുടർന്ന് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.
കേന്ദ്ര ആരോഗ്യമന്ത്രാലയം നാഷണൽ ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങുമായി ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്. 200 മണിക്കൂർ പഠനപദ്ധതി ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.
പരീക്ഷ ജയിക്കുന്നവർക്ക് ഒറ്റത്തവണ ഇൻസെന്റീവായി 5,000 രൂപ നൽകും. അവരുടെ അറിവും പ്രായോഗിക കഴിവും വിലയിരുത്തുക, മികച്ച ആരോഗ്യസേവനങ്ങൾ നടപ്പാക്കാൻ പ്രാപ്തരാക്കുക, പ്രൊഫഷണൽ യോഗ്യത അംഗീകരിക്കുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യം.
ജോലി രണ്ടായി തിരിച്ചാണു മികവു വിലയിരുത്തുക. ആദ്യത്തേതിൽ മാതൃ-ശിശു സംരക്ഷണ പ്രവർത്തനങ്ങൾ, കൗമാരക്കാരുടെ ആരോഗ്യം, പോഷകാഹാരം, മലമ്പനിയുടെയും ക്ഷയത്തിന്റെയും നിയന്ത്രണം എന്നിവയാണു വിലയിരുത്തുക. രണ്ടാമത്തേതിൽ ജനകീയാരോഗ്യകേന്ദ്രത്തിനു കീഴിലെ മറ്റു പ്രവർത്തനങ്ങളും പരിഗണിക്കും.
എഴുത്തുപരീക്ഷ കൂടാതെ പ്രായോഗിക പരീക്ഷയുമുണ്ടാകും. ദേശീയ ആരോഗ്യദൗത്യം (എൻ.എച്ച്.എം.) ഈ പാഠ്യപദ്ധതിയിലേക്ക് ആശമാരുടെ രജിസ്ട്രേഷൻ നടത്തും. പരിശീലനകേന്ദ്രം അവർ നിശ്ചയിക്കും. പരീക്ഷാഫീസുണ്ടാകും. അതിന്റെ വിശദാംശങ്ങളായിട്ടില്ല.
