2,000 രൂപയ്ക്കു മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്ക് ചാർജ് ഉടനില്ല; നടപ്പാക്കുന്നത് ദീപാവലിക്ക് ശേഷം

Share our post

ന്യൂഡൽഹി : 2,000 രൂപയ്ക്കു മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്ക് ചാർജ് (എംഡിആർ) ഉടൻ നടപ്പാക്കില്ല. ദീപാവലിക്കു ശേഷമേ നടപ്പാക്കൂ എന്ന് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ഒക്ടോബർ 15ന് നടപ്പാക്കാനാണ് നിശ്ചയിച്ചിരുന്നത്. ഉത്സവസീസൺ കണക്കിലെടുത്താണ് ഇത് നീട്ടുന്നത്. ജനുവരി ഒന്നിനായിരിക്കും ഇത് നടപ്പാക്കുകയെന്നാണ് സൂചന. കൃത്യമായ തീയതി പിന്നീട് വിജ്ഞാപനം ചെയ്യും. തീരുമാനം നീട്ടിവയ്ക്കുന്നതുവഴി വ്യാപാരികൾക്ക് കൂടുതൽ സാവകാശം ലഭിക്കുകയും ചെയ്യും.

75,000 രൂപ വരെയുള്ള ഇടപാടുകൾക്ക് 0.4 ശതമാനവും, അതിനു മുകളിലുള്ള ഏത് ഇടപാടിനും 300 രൂപ എന്ന ഫ്ലാറ്റ് നിരക്കുമായിരിക്കും. 2020 ജനുവരിയിൽ നിർത്തിവച്ച യുപിഐ എംഡിആർ ചാർജാണ് ആറരവർഷത്തിനു ശേഷം പുതിയ രൂപത്തിൽ തിരികെ വരുന്നത്. 2,000 രൂപയ്ക്കു താഴെയുള്ള വാണിജ്യ ഇടപാടുകൾക്ക് ചാർജ് ഈടാക്കില്ല. വ്യക്തികൾ തമ്മിൽ എത്ര വലിയ തുക അയയ്ക്കുന്നതിനും (പി2പി) ചാർജില്ല.

ഒരു ലക്ഷം രൂപ വരെ പ്രതിമാസം യുപിഐ ക്യുആർ കോഡ് വഴി സ്വീകരിക്കുന്ന ചെറുകിട വ്യാപാരികളിൽ (പി2പിഎം) നിന്ന് എംഡിആർ ചാർജ് ഈടാക്കില്ല. ഇവർ ജിഎസ്ടി റജിസ്ട്രേഷൻ ആവശ്യമില്ല. തുടർച്ചയായി 3 മാസങ്ങളിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ സ്വീകരിക്കുന്ന വ്യാപാരികൾക്ക് പുതിയ എംഡിആർ നിരക്കുകൾ ബാധകമാകും. നിലവിൽ ക്രെഡിറ്റ് കാർഡുകൾക്ക് 1.5% മുതൽ 2.5% വരെയും ഡെബിറ്റ് കാർഡുകൾക്ക് 0.9% വരെയുമാണ് ഈടാക്കുന്നത്.

പണമിടപാടുകൾക്കായി വ്യാപാരികളിൽ നിന്ന് ബാങ്ക് ഈടാക്കുന്നതാണ് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ എംഡിആർ. ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ പരിപാലിക്കുന്നതിനാണ് ഈ തുക. ഈ തുക ഇടപാടിൽ ഉൾപ്പെട്ട ബാങ്കുകൾക്കും പേയ്മെന്റ് സേവനദാതാക്കൾക്കുമിടയിൽ വീതംവയ്ക്കും. റുപേയ് ഡെബിറ്റ് കാർഡുകൾക്ക് എംഡിആർ ബാധകമല്ല, പക്ഷേ ക്രെഡിറ്റ് കാർഡ് ബാധകമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!