ചുരുളഴിഞ്ഞിട്ട് ഏഴ് വർഷം; കൂടത്തായി കൊലപാതകങ്ങളിൽ ഒരു കേസിലും വിചാരണ പൂർത്തിയായില്ല

Share our post

കോഴിക്കോട്∙ ചുരുളഴിഞ്ഞിട്ട് 7 വർഷം പിന്നിട്ടിട്ടും ഒരു കേസിന്റെ പോലും വിചാരണ പൂർത്തിയാക്കാതെ കൂടത്തായിയിലെ കൊലപാതകങ്ങൾ. ഒരേ കുടുംബത്തിലെ 6 പേരുടെ മരണവും കൊലപാതകമാണെന്ന സംശയത്തിൽ, 6 മൃതദേഹങ്ങളുടെയും ഭാഗങ്ങൾ പൊലീസ് പുറത്തെടുത്തു പരിശോധനയ്ക്ക് അയച്ചത് 2019 ഒക്ടോബർ നാലിനായിരുന്നു.

2002നും 2016നും ഇടയിൽ റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട.അധ്യാപിക അന്നമ്മ തോമസ് (60), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്കറിയയുടെ ഭാര്യ സിലി (44) എന്നിവരുടേതു കൊലപാതകമാണെന്നാണു പൊലീസിന്റെ കണ്ടെത്തൽ. മരിച്ച റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫാണ് 6 കൊലപാതകങ്ങളിലെയും മുഖ്യപ്രതിയെന്നാണു കുറ്റപത്രത്തിൽ ആരോപിച്ചിരിക്കുന്നത്. ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു ടോം തോമസിന്റെ മകൻ റോജോ തോമസ് നൽകിയ പരാതിയിൽ അന്നത്തെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ ആണ് അന്വേഷണത്തിനു തുടക്കമിട്ടത്.

ഇതിൽ റോയ് തോമസ് കൊലപാതക കേസിന്റെ വിചാരണ കോഴിക്കോട് സ്പെഷൽ അഡീഷനൽ സെഷൻസ് കോടതിയിൽ (മാറാട് കേസുകൾക്കുള്ള പ്രത്യേക കോടതി) അന്തിമഘട്ടത്തിലാണ്. കേസുകൾ അന്വേഷിച്ച അന്നത്തെ പ്രത്യേകസംഘത്തിനു നേതൃത്വം നൽകിയ ഡിവൈഎസ്പി ആർ.ഹരിദാസന്റെ വിസ്താരമാണ് നടക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!