എംഡിഎംഎയുമായി ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിൽ; സിനിമാ-ഐ.ടി മേഖലകൾ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിൽപന 

Share our post

കൊച്ചി: കാക്കനാട്ട് എംഡിഎംഎയുമായി ഫാഷൻ ഫോട്ടോഗ്രാഫർ എക്സൈസിന്റെ പിടിയിലായി. കോട്ടയം സ്വദേശി അരുൺ കെ. നായരാണ് പിടിയിലായത്. ഇയാളിൽനിന്ന് 38 ഗ്രാം എംഡിഎംഎയും വിൽപനപ്പണമായ 15 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.

സിനിമാ മേഖലയിലുള്ളവർക്കും ഐടി പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും എംഡിഎംഎ വിൽപന നടത്തിയിരുന്ന പ്രതിയെ ചോദ്യം ചെയ്തതിൽ നിർണായക വിവരങ്ങളാണ് എക്സൈസിന് ലഭിച്ചിട്ടുള്ളത്.

കാക്കനാട് കേന്ദ്രീകരിച്ച് കഴിഞ്ഞ കുറച്ചുകാലമായി അരുൺ എംഡിഎംഎ വിൽപന നടത്തിവരികയായിരുന്നു. രണ്ടു ദിവസത്തെ ഇടവേളയിൽ ഏതാണ്ട് 500 ഗ്രാമോളം എംഡിഎംഎ ആണ് സാധാരണയായി ഇയാൾ വിൽക്കാറുള്ളതെന്നാണ് വിവരം.

ഒരു ഗ്രാമിന് 3000 രൂപ നിരക്കിലായിരുന്നു വിൽപന. കാക്കനാട് മേഖലയിലുള്ള ഐടി പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവരാണ് ഇയാളുടെ പ്രധാന ഉപഭോക്താക്കൾ.

അറസ്റ്റിലാകുമ്പോൾ 38 ഗ്രാം എംഡിഎംഎയും 15 ലക്ഷത്തോളം രൂപയുമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ചെറുകിട വിൽപനയാണ് നടത്തിയത് എന്ന് വ്യക്തമാകുന്ന വിധത്തിൽ ചെറിയ തുകയുടെ കെട്ടുകളായിട്ടായിരുന്നു പണം ഉണ്ടായിരുന്നതെന്നാണ് എക്സൈസ് പറയുന്നത്. ‌

കോഴിക്കോട് സ്വദേശിയായ ഉബൈദ് എന്നയാളാണ് അരുൺ നായർക്ക് ആവശ്യമുള്ള സമയത്ത് എംഡിഎംഎ എത്തിച്ചുനൽകുന്നതെന്നാണ് വിവരം. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്നും ആരൊക്കെയാണ് ഇയാളിൽ നിന്ന് എംഡിഎംഎ വാങ്ങിയത്, ആരിൽ നിന്നൊക്കെയാണ് ലഭിച്ചത് തുടങ്ങിയിട്ടുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും എക്സൈസ് അറിയിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!