കാലിത്തീറ്റയ്ക്ക് വില കുത്തനെ വർദ്ധിച്ചു ക്ഷീര കർഷകർ പ്രതിസന്ധിയിൽ
സുൽത്താൻ ബത്തേരി: കാലിത്തീറ്റ വില കുത്തനെ ഉയർന്നതോടെ വയനാട്ടിലെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിൽ. പാൽവിലയിൽ നേരിയ വർദ്ധനവുണ്ടായങ്കിലും ഉൽപ്പാദനച്ചെലവ് താങ്ങാനാവതെ പശുക്കളെ വിറ്റൊഴിക്കുന്ന സ്ഥിതിയിലേയ്ക്ക് എത്തിയിരിക്കുകയാണ് ക്ഷീര കർഷകർ. കഴിഞ്ഞ രണ്ട് മാസത്തിനിടെ കാലിത്തിറ്റയുടെ വിലയിൽ ചാക്കിന് മുന്നൂറ് രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
കാലിതീറ്റയ്ക്ക് പുറമെ മരുന്ന്, പരിപാലന ചെലവുകൾ എന്നിവയെല്ലാം വർദ്ധിച്ചതാണ് ക്ഷീരകർഷകരെ ദുരിതത്തിലാക്കുന്നത്. ഉൽപ്പാദനച്ചെലവ് താങ്ങാനാകാതെ പശുക്കളെ വിറ്റൊഴിയുന്ന കർഷകരുടെ എണ്ണവും അനുദിനം വർദ്ധിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 300 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. 1,350 രൂപയുണ്ടായിരുന്ന കാലിത്തീറ്റയ്ക്ക് നിലവിൽ 1,650 രൂപയാണ് വില. വിവിധ കമ്പനികളുടെ തീറ്റയ്ക്ക് കിലോയ്ക്ക് നാല് മുതൽ പത്ത് രൂപവരെയാണ് വർദ്ധനയുണ്ടായിരിക്കുന്നത്. വിലവർദ്ധന തുടർന്നാൽ ക്ഷീരമേഖലയിൽനിന്ന് ചെറുകിട കർഷകർക്ക് പിടിച്ച് നിൽക്കാനാകില്ല.
ദിവസം പത്ത് ലിറ്ററോളം പാൽ ലഭിക്കുന്ന പശുവിന് ശരാശരി ആറുകിലോ കാലിത്തീറ്റയെങ്കിലും നൽകേണ്ടിവരും. ഇതിനു പുറമേ പച്ചപ്പുല്ല്, വൈക്കോൽ, ധാതുലവണങ്ങൾ തുടങ്ങിയവയ്ക്കും പണം ചെലവഴിക്കണം. കാലിത്തീറ്റ വില ഉയർന്നതോടെ ഒരു പശുവിനെ വളർത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു ഭാഗവും തീറ്റച്ചെലവിനായി മാറ്റിവയ്‌ക്കേണ്ട അവസ്ഥയാണ്. ചോളം, സോയാബീൻ തുടങ്ങിയ അസംസ്‌കൃത വസ്തുക്കൾ വ്യാവസായിക ആവശ്യങ്ങൾക്ക് വൻതോതിൽ ഉപയോഗിക്കുന്നതാണ് കാലിത്തീറ്റ വില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് വ്യാപാരികൾ പറയുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനയ്‌ക്കൊപ്പം ഇന്ധനവിലയും ചരക്കുകൂലിയും വർദ്ധിച്ചതും കാലിത്തീറ്റവിലയെ ബാധിച്ചിട്ടുണ്ട്. ഉത്പ്പാദനച്ചെലവിലെ വർദ്ധനയുടെ ഭാരം നേരിട്ട് കർഷകരിലേക്കാണ് എത്തുന്നത്.
പാൽവിലയും ആശ്വാസമാകുന്നില്ല
കാലിത്തീറ്റ വില വർദ്ധിക്കുന്നതിനനുസരിച്ച് പാൽവില ഉയരാത്തതും കർഷകരുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു. പാലിന് നേരിയ വിലവർദ്ധനവ് ഉണ്ടായങ്കിലും ഉൽപ്പാദന ചെലവുമായി തരതമ്യം ചെയ്യുമ്പോൾ അത് ഒന്നുമല്ല. പാൽ ലിറ്ററിന് 50 പൈസ നിരക്കിൽ മാത്രമാണ് ചില ക്ഷീരസംഘങ്ങൾ സബ്സിഡി നൽകുന്നത്. സുൽത്താൻ ബത്തേരി ഉൾപ്പെടെയുള്ള ചില ക്ഷീരസംഘങ്ങളും തദ്ദേശസ്ഥാപനങ്ങളും സ്വന്തം ഫണ്ട് ഉപയോഗിച്ച് കാലിത്തീറ്റയ്ക്ക് സബ്സിഡി നൽകുന്നുണ്ട്. എന്നാൽ എല്ലാ കർഷകർക്കും ഒരപോലെ പ്രയോജനം ലഭിക്കുന്ന തരത്തിൽ സംസ്ഥാനതലത്തിൽ സ്ഥിരം സംവിധാനമുണ്ടാകണമെന്നാണ് ആവശ്യം.
സർക്കാർ ഇടപെടണം
കാലിത്തീറ്റ ഉൽപ്പാദിപ്പിക്കുന്ന കമ്പനികളുമായി സർക്കാർ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കുന്നതിനും, കർഷകർക്ക് നേരിട്ട് സബ്സിഡി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണം. ക്ഷീരസംഘങ്ങൾ വഴി നൽകുന്ന സബ്സിഡി വർദ്ധിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.കാലിത്തീറ്റ വില കുറയ്ക്കുന്നതിനൊപ്പം പാൽവിലയിൽ ആനുപാതികമായ വർദ്ധന വരുത്തുകയും ഉൽപ്പാദനച്ചെലവിൻ്റെ അടിസ്ഥാനത്തിൽ കർഷകർക്ക് ന്യായമായ വില ഉറപ്പാക്കുകയും വേണം.
36 ശതമാനം പേർ ക്ഷീരമേഖല വിട്ടു
കഴിഞ്ഞ പത്ത് വർഷത്തിനിടെ 36 ശതമാനംപേരാണ് ക്ഷീരമേഖലവിട്ടത്. ഇത് കഴിഞ്ഞ 20 വർഷം മുമ്പ് 50 ശതമാനമായിരുന്നു. പാലുൽപ്പാദനവുമായി ബന്ധപ്പെട്ടുണ്ടായ ചെലവുകൾ വൻതോതിൽ വർദ്ധിച്ചതാണ് കാരണം. കാലിത്തീറ്റ ഉൾപ്പെടെയുള്ളവയുടെ വിലവർദ്ധനവിൽ പിടിച്ച് നിൽക്കാനാകാതെയാണ് കർഷകർ ഈ രംഗം വിടുന്നത്. ഉൽപ്പാദന ചെലവിന് ആനുപാതികമായ പാലിന് കർഷകർക്ക് വില ലഭിക്കാത്തതാണ് മേഖല വിടാൻ കർഷകരെ പ്രേരിപ്പിച്ചത്. കൊവിഡിന്റെ സമയത്ത് മാത്രമാണ് ആളുകൾ ക്ഷീരമേഖലയിലേയ്ക്ക് കൂടുതലായി കടന്നുവന്നത്. 2022 മുതൽ ക്ഷീരമേഖലയിൽ നിന്ന് ആളുകൾ പിൻവാങ്ങാൻ തുടങ്ങി. ജില്ലയിലെ ഏറ്റവും വലിയ പരമ്പരാഗത സംഘവും ക്ഷീരകർഷകർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നതുമായ സുൽത്താൻ ബത്തേരി പാൽ വിതരണ സഹകരണ സംഘത്തിൽനിന്നും നിരവധി കർഷകരാണ് പാലുൽപ്പാദനം ലാഭകരമല്ലാത്തിന്റെ പേരിൽ മേഖല വിട്ടത്. ചെറുകിട ക്ഷിര കർഷകരാണ് നഷ്ടം സഹിക്കാതെ മേഖല വിട്ടുപോയിരിക്കുന്നത്.
