പതിവുപോലെ സംസാരിച്ച്, യാത്ര പറഞ്ഞ് പിരിയും, പിന്നീട് ഒരിക്കലും കണ്ടുമുട്ടുന്നില്ല; എന്താണ് ‘ലാസ്റ്റ് മീറ്റിങ് തിയറി’?

Share our post

ഒരുകാലത്ത് നമ്മുടെ ജീവിതത്തോട് ചേര്‍ന്നുനിന്നിരുന്ന പലരെയും പില്‍ക്കാലത്ത് നമ്മള്‍ ഒരിക്കലും കാണാത്ത വിധത്തില്‍ വേര്‍പിരിയപ്പെടാറില്ലേ? പ്രത്യേകിച്ചൊരു കാരണവുമില്ലാതെ തന്നെ. അവരുമായി പ്രത്യേകിച്ചൊരു വിദ്വേഷമോ പിണക്കമോ ഒന്നുമുണ്ടായിട്ടില്ലെങ്കിലും ജീവിതയാത്രയില്‍ പിന്നീട് ഒരിക്കലും പരസ്പരം കണ്ടുമുട്ടാതെയാകുന്നു. അവരുമായി പിരിഞ്ഞ നിമിഷം പോലും നമ്മള്‍ ഓര്‍ത്തുവെക്കണമെന്നില്ല, കാരണം അതൊരു അവസാന കൂടിക്കാഴ്ചയാണ് എന്നുപോലും നമ്മള്‍ അറിഞ്ഞിട്ടുണ്ടാവില്ല. പതിവുപോലെ സംസാരിച്ച്, യാത്ര പറഞ്ഞ് പിരിയുന്നു. എന്നാല്‍ പിന്നീട് എത്ര ശ്രമിച്ചാലും, ഒരേ നാട്ടിലോ നഗരത്തിലോ താമസിച്ചാലും ആ വ്യക്തിയെ വീണ്ടും കാണാന്‍ സാധിക്കില്ല. ഇത്തരത്തിലുള്ള അനുഭവങ്ങളെ വിശദീകരിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടുന്ന ആശയമാണ് ‘ലാസ്റ്റ് മീറ്റിങ് തിയറി’.

രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന് ഉണ്ടായിരുന്ന ലക്ഷ്യവും ജീവിതപാഠങ്ങളും പൂര്‍ത്തിയാകുമ്പോള്‍ അവരുടെ വഴികള്‍ സ്വാഭാവികമായി വേര്‍പിരിയുമെന്നാണ് ഈ ആശയം പറയുന്നത്. ഒരേ സ്ഥലത്തും ഒരേ സുഹൃദ് വലയത്തിലുമുണ്ടായിരുന്നാലും പിന്നീട് ആ വ്യക്തികള്‍ ഒരിക്കലും കണ്ടുമുട്ടാതിരിക്കാന്‍ സാഹചര്യങ്ങള്‍ വഴിയൊരുക്കുമെന്നാണ് തിയറിയുടെ വാദം. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സിദ്ധാന്തമല്ല; ബന്ധങ്ങളിലെ വേര്‍പിരിയലിനെ അര്‍ഥവത്തായി കാണാനുള്ള ഒരു ജനപ്രിയ ആശയം മാത്രമാണ്.

ഈ ആശയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം ‘അറിയാതെയുള്ള അവസാന കൂടിക്കാഴ്ച’ എന്നതാണ്. ഒരാളുമായി അവസാനമായി സംസാരിക്കുമ്പോഴോ കണ്ടുമുട്ടുമ്പോഴോ അത് അവസാനത്തേതായിരിക്കുമെന്ന് സാധാരണയായി നമുക്ക് അറിയില്ല. പ്രത്യേകിച്ച് യാത്ര പറഞ്ഞ് പിരിയുന്ന ഒരു സുഹൃത്ത്, സഹപ്രവര്‍ത്തകന്‍, പ്രണയബന്ധത്തിലെ പങ്കാളി തുടങ്ങിയവരുമായി നടന്ന സാധാരണ കൂടിക്കാഴ്ച പിന്നീട് ഓര്‍മയില്‍ അവസാന കൂടിക്കാഴ്ചയായി മാറാം.

മനഃശാസ്ത്രപരമായി നോക്കുമ്പോള്‍, ഇത്തരം ആശയങ്ങള്‍ നഷ്ടപ്പെട്ട ബന്ധങ്ങളെയും വേര്‍പാടുകളെയും ഉള്‍ക്കൊള്ളാനുള്ള ഒരു ‘കോപിങ് മെക്കാനിസം’ ആയി പ്രവര്‍ത്തിക്കാമെന്നാണ് വിലയിരുത്തല്‍. ബന്ധങ്ങള്‍ സ്വാഭാവികമായി മാറുന്നതും ആളുകള്‍ പുതിയ ജീവിത സാഹചര്യങ്ങളിലേക്ക് നീങ്ങുന്നതുമാണ് പലപ്പോഴും വീണ്ടും കണ്ടുമുട്ടാതിരിക്കാനുള്ള യഥാര്‍ഥ കാരണം.

‘ലാസ്റ്റ് മീറ്റിങ് തിയറി’ എന്ന ആശയത്തിന് വ്യക്തമായൊരു ഉപജ്ഞാതാവില്ല. ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട മനഃശാസ്ത്ര സിദ്ധാന്തവുമല്ല ഇത്. എങ്കിലും ‘ലാസ്റ്റ് മീറ്റിങ് തിയറി’ മുന്നോട്ടുവയ്ക്കുന്ന ഒരു ആശയം പലര്‍ക്കും പ്രസക്തമാണ്. സമൂഹമാധ്യങ്ങളില്‍ ഈയിടെയായി ‘ലാസ്റ്റ് മീറ്റിങ് തിയറി’ക്ക് വളരെ പ്രചാരം ലഭിച്ചിട്ടുണ്ട്. തിരക്കേറിയ ജീവിതത്തില്‍ പലരും ബന്ധങ്ങളില്‍ നിന്ന് അകന്നുപോകുന്നതും അപ്രത്യക്ഷമാകുന്നതും എങ്ങനെയെന്നതിന് ലളിതമായി ഒരു വിശദീകരണമാണ് ഈ തിയറി നല്‍കുന്നത്. മാത്രമല്ല, ഈ വേര്‍പിരിയലിന് തത്വശാസ്ത്രപരമായി ഒരു അര്‍ഥം നല്‍കുകയും ചെയ്യുന്നു. പലര്‍ക്കും സ്വന്തം ജീവിതാനുഭവങ്ങളുമായി ഇത് ഒത്തുപോകുന്നു എന്നതാണ് തിയറിക്ക് കൂടുതല്‍ പ്രചാരം ലഭിക്കാന്‍ കാരണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!