‘നഖങ്ങൾക്കിടയിൽ ഈർക്കിൽ കയറ്റി, കമ്പി കൊണ്ട് കുത്തി’; മോഷണശ്രമം ആരോപിച്ച് 12കാരന് പിതാവിന്റെ ബന്ധുക്കളുടെ ക്രൂരമർദനം
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ മോഷണശ്രമം ആരോപിച്ച് 12കാരന് പിതാവിന്റെ ബന്ധുക്കളുടെ ക്രൂരമർദനം. അടച്ചിട്ട മുറിയിൽ കൈകാലുകൾ കെട്ടിയിട്ട് ഉപദ്രവിച്ചു. കുട്ടിയുടെ ശരീരത്തിൽ കമ്പികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും കാൽനഖങ്ങളിൽ ഈർക്കിൽ കയറ്റുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ സിഡബ്ല്യൂസി കർശന നടപടിക്ക് ഉത്തരവിട്ടു.
കുട്ടിയുടെ ബന്ധുക്കളിലൊരാളുടെ വാച്ച് കഴിഞ്ഞയാഴ്ച നഷ്ടപ്പെട്ടിരുന്നു. ഈ വാച്ച് മോഷ്ടിച്ചെന്നാരോപിച്ചാണ് പിതാവിന്റെ അനുജനടക്കമുള്ള ബന്ധുക്കൾ കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയത്.കുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി ബന്ധുക്കളുടെ വീട്ടിലെ അടച്ചിട്ട മുറിയിൽ കൈകാലുകൾ കൂട്ടിക്കെട്ടിയിട്ട് രണ്ട് ദിവസമാണ് ഇവർ പിടിച്ചുവെച്ചത്.
കമ്പികൊണ്ട് കൊണ്ട് അടിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളുണ്ടാക്കുകയും കാൽനഖങ്ങൾക്കിടയിൽ പച്ച ഈർക്കിൽ കുത്തിക്കയറ്റി ഉപദ്രവിക്കുകയും ചെയ്തെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. കൂടാതെ, കണ്ണിലും ശരീരത്തിലെ മുറിവുകളിലും മുളകുപൊടി തേക്കുകയും പച്ചമുളക് അരച്ച് ദേഹത്ത് പുരട്ടുകയും ചെയ്തിട്ടുണ്ട്.
രണ്ട് ദിവസത്തോളം നീണ്ട പീഡനത്തിനൊടുവിൽ, കൈകാലുകൾ കെട്ടിയിരുന്ന കയർ അൽപം അയഞ്ഞുവന്നപ്പോൾ കുട്ടിയത് അഴിച്ചെടുക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആ വീട്ടിലെ ടെറസ് വഴി കവുങ്ങിൽ കൂടി അവിടെ നിന്ന് രക്ഷപ്പെട്ട് പുറത്തിറങ്ങുകയും ചെയ്തു. വഴിയിൽ കണ്ട യാത്രക്കാരനാണ് കുട്ടിയെ കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.
സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെടുകയും തുടർനടപടികൾക്ക് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന് കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.
