ബൈക്കിൽ 51 ഗ്രാം എംഡിഎംഎ കടത്തിയ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
കാസർകോട്: (KasargodVartha) ബൈക്കിൽ കടത്തുകയായിരുന്ന 51 ഗ്രാം എംഡിഎംഎയുമായി പിടിയിലായ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. മുഹമ്മദ് സമീറിനാണ് (43) കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് രാമു രമേശ് ചന്ദ്രഭാനു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പിടികൂടിയത് 2021-ൽ
2021 ഒക്ടോബർ 4 ന് രാവിലെ 11.45-ന് മഞ്ചേശ്വരം താലൂക്കിൽ കയ്യാർ വില്ലേജിലെ കൈ കമ്പ-ബായിക്കട്ട റോഡിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. കെഎൽ 14 എസ് 9246 (KL 14 S 9246) നമ്പർ ബൈക്കിൽ മനുഷ്യശരീരത്തിന് ഹാനികരമായതും നിയമം മൂലം നിരോധിച്ചതുമായ മയക്കുമരുന്ന് കടത്തിക്കൊണ്ടുപോകുമ്പോഴാണ് എക്സൈസിൻ്റെ പിടിയിലാകുന്നത്.
കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജോയി ജോസഫ്, പ്രിവൻ്റീവ് ഓഫീസർമാരായ വി സന്തോഷ് കുമാർ, ഇ കെ ബിജോയ്, എം വി സുധീന്ദ്രൻ, സാജൻ അപ്യാൽ, നിഷാദ് പി നായർ, വി മഞ്ജുനാഥൻ, പി മനോജ്, എൽ മോഹൻകുമാർ, പി ശൈലേഷ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് വാഹനമടക്കം എംഡിഎംഎയുമായി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് കേസിൽ വിശദമായ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കാസർകോട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറായ എസ് കൃഷ്ണകുമാറാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ജി ചന്ദ്രമോഹൻ, അഡ്വ. എം ചിത്രകല എന്നിവർ കോടതിയിൽ ഹാജരായി.
