ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന, ഖേൽരത്ന ആർക്കുമില്ല

Share our post

ദില്ലി: കഴിഞ്ഞ വര്‍ഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 17 കായികതാരങ്ങൾക്ക് രാജ്യത്തെ പ്രമുഖ കായിക ബഹുമതിയായ അർജുന പുരസ്കാരം ലഭിച്ചപ്പോൾ, ഒരു താരത്തിന് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡും ലഭിച്ചു. എന്നാൽ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം ആരും അര്‍ഹനായില്ല. സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് അരുൺ കുമാർ മിശ്ര അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

മലയാളി താരങ്ങളായ സ്പ്രിന്‍റർ മുഹമ്മദ് അജ്മൽ, ബാഡ്മിന്റൺ താരം ട്രീസ ജോളി എന്നിവരുൾപ്പെടെ 17 പേരാണ് അര്‍ജുന അവാര്‍ഡിന് അർഹരായത്. ഹൈജംപ് താരം തേജസ്വിൻ ശങ്കർ, പ്രിയങ്ക ഗോസ്വാമി (അത്‌ലറ്റിക്സ്), ഗായത്രി ഗോപീചന്ദ് (ബാഡ്മിന്‍റൺ), വിദിത് ഗുജറാത്തി, ദിവ്യ ദേശ്മുഖ് (ചെസ്), ലാൽറെംസിയാമി, രാജ്കുമാർ പാൽ (ഹോക്കി), അഖിൽ ഷെറോൺ (ഷൂട്ടിങ്), രുദ്രാക്ഷ ഖണ്ഡേൽവാൾ (പാരാ ഷൂട്ടിങ്), ഏകത ഭ്യാൻ (പാരാ അത്‌ലറ്റിക്സ്), അരവിന്ദ് സിങ് (റോയിങ്), നരേന്ദർ (ബോക്സിങ്), സുർജീത്, പൂജ (കബഡി), ധനുഷ് ശ്രീകാന്ത് (ഡെഫ് ഷൂട്ടിങ്) എന്നിവരാണ് അർജുന അവാർഡിന് അര്‍ഹരായത്.

1962-ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ അംഗവും മുൻ ഫുട്ബോൾ താരവുമായ ഐ. അറുമൈനായകത്തിന് ലൈഫ് ടൈം വിഭാഗത്തിൽ അർജുന അവാർഡ് നൽകി ആദരിച്ചു. ദ്രോണാചാര്യ അവാർഡ് റഗുലർ വിഭാഗത്തിൽ പർവീർ സിങ് (അത്‌ലറ്റിക്സ്), ഛോട്ടേ ലാൽ യാദവ് (ബോക്സിങ്), നേഹ നന്ദ്കുമാർ ചൗഹാൻ (ഷൂട്ടിങ്) എന്നിവരും ലൈഫ് ടൈം വിഭാഗത്തിൽ ധർമേന്ദ്ര സിങ് യാദവ് (ബോക്സിങ്), വീരേന്ദർ കുമാർ (ഗുസ്തി) എന്നിവരും അർഹരായി. പുനെയിലെ ആർമി പാരാലിംപിക് നോഡിനാണ് രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരം.

2024-ൽ ഗുജേഷ് ദൊമ്മരാജു, ഹർമൻപ്രീത് സിങ്, പ്രവീൺ കുമാർ, മനു ഭാക്കർ എന്നിങ്ങനെ നാല് കായികതാരങ്ങൾക്ക് ഖേൽരത്ന പുരസ്കാരം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഈ വിഭാഗത്തിൽ ആര്‍ക്കും പുരസ്കാരമില്ലാത്തത് കായികലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുമെന്നാണ് കരുതുന്നത്. ഹോക്കി താരം ഹാർദിക് സിംഗിന്‍റെ പേര് ശുപാർശ ചെയ്‌തതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!