ഓരോ വീടും ലഹരിമുക്തമാക്കും’: ഓപ്പറേഷൻ തൂഫാൻ വീടുകളിലേക്ക്; രണ്ടാംഘട്ടം പഞ്ചായത്തുകളുടെ സഹകരണത്തോടെ
തിരുവനന്തപുരം ∙ വീട്ടമ്മമാരെ ഉൾപ്പെടെ അണിനിരത്തി ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം ഓണത്തിനു ശേഷം. ലഹരി മാഫിയയെ തടയുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഒന്നാംഘട്ടത്തിനു പിന്നാലെയാണു വീടുകൾ കേന്ദ്രീകരിച്ചുള്ള രണ്ടാംഘട്ടം. തദ്ദേശവകുപ്പിന്റെ സഹകരണത്തോടെയാണിത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തദ്ദേശ മന്ത്രി കെ.എം.ഷാജിയും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി രണ്ടാംഘട്ടത്തിനു രൂപംനൽകി. ലഹരിക്കെതിരായ ബോധവൽക്കരണത്തിനായി ജനകീയ മുന്നണി രൂപീകരിക്കും. പ്രത്യേക ഗ്രാമസഭകൾ ചേർന്നു ലഹരിവിരുദ്ധ നടപടികൾക്കു രൂപം നൽകും. ലഹരിയുടെ ഉപയോഗം സംബന്ധിച്ച വിവരം പൊലീസിനു കൈമാറാൻ പഞ്ചായത്തുതലത്തിൽ തൂഫാൻ വോറിയർമാരെയും നിയോഗിക്കും. ത്രിതല പഞ്ചായത്തുകൾ, കുടുംബശ്രീ, ഹരിതകർമസേന, ആശാ വർക്കർമാർ, വനിതാ– യുവജന സംഘടനകൾ എന്നിവയെ ചേർത്തു വീടുകൾതോറും ബോധവൽക്കരണം സംഘടിപ്പിക്കും. വീട്ടമ്മമാരെയും ഇതിന്റെ ഭാഗമാക്കും. ഓരോ വീടും ലഹരിമുക്തമാക്കാൻ ഇതു സഹായിക്കുമെന്നാണു പ്രതീക്ഷ.
കേരളത്തിലേക്കുള്ള ലഹരിയുടെ വരവു സംബന്ധിച്ചു നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ആന്ധ്ര – ഒഡീഷ അതിർത്തി, ബെംഗളൂരു എന്നിവിടങ്ങളാണു ലഹരിയുടെ ഉദ്ഭവകേന്ദ്രങ്ങളായ ഹോട്സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നിന്നുള്ള ലഹരിയുടെ വരവ് തടയാൻ സംസ്ഥാന സർക്കാരുകളുടെ പിന്തുണ കേരളം തേടിയിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാൻ, ദ് നർക്കോ ഹണ്ട് @ 75 ഡേയ്സ്
കേരളത്തിലെ ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശക്തമായ ലഹരിവിരുദ്ധ ക്യാംപെയ്ൻ 75 ദിവസം പൂർത്തിയായി
- ആകെ അറസ്റ്റിൽ: 9757 പേർ
- റജിസ്റ്റർ ചെയ്ത കേസുകൾ: 9047
- പിടിച്ചെടുത്ത ലഹരി
- എംഡിഎംഎ: 7.46 കിലോഗ്രാം (ഒരു ഗ്രാമിനു കുറഞ്ഞത് 3000 രൂപ മുതൽ വില ഈടാക്കുന്നുണ്ട്)
- കഞ്ചാവ്: 958.107 കിലോഗ്രാം ( ഒരു ഗ്രാമിനു കുറഞ്ഞത് 100 രൂപ മുതൽ )
- ഹഷീഷ് ഓയിൽ: 4.72 കിലോഗ്രാം ( ഒരു ഗ്രാമിനു കുറഞ്ഞത്
- 1500– 2000 രൂപ ഈടാക്കും)
- കഞ്ചാവുചെടികൾ: 1,880
ബോധവൽക്കരണ പ്രവർത്തനങ്ങൾ
- ബോധവൽക്കരണ ക്ലാസുകൾ: 8,929
- കൗൺസലിങ് സെഷനുകൾ: 559
- സ്കൂൾ–കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള ബോധവൽക്കരണ പരിപാടികൾ: 6421
