തലശ്ശേരിയിൽ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തലശേരി: തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബു (25) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ തലശേരി ടെമ്പിൾ ഗേറ്റിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം നടന്നത്.
കഴിഞ്ഞ അഞ്ചു വർഷമായി അലീന ഈ ഹോസ്റ്റലിലാണ് താമസിച്ച് വന്നിരുന്നത്. അവധിക്കുശേഷം നാട്ടിൽ നിന്ന് ബുധനാഴ്ച വൈകിട്ടാണ് യുവതി തിരിച്ചെത്തിയത്.
വ്യാഴാഴ്ച രാത്രിയായിട്ടും മുറിയിൽ നിന്ന് യാതൊരു അനക്കവും ഇല്ലാതായതോടെ കൂടെയുള്ളവർ വിവരം അന്വേഷിച്ചു. ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അലീനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തിൽ തലശേരി പോലീസ് തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്
