പ്രിയദർശിനി; സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് യുഡിഎഫ് ഭരണസമിതി; എതിർത്ത് എൽഡിഎഫ്

Share our post

കോട്ടയ്ക്കൽ (മലപ്പുറം) ∙ കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യപദ്ധതിയിൽനിന്നു സർക്കാർ ജീവനക്കാരായ വനിതകളെ ഒഴിവാക്കണമെന്ന ആവശ്യവുമായി യുഡിഎഫ് (മുസ്‌ലിം ലീഗ്) ഭരിക്കുന്ന ഒതുക്കുങ്ങൽ പഞ്ചായത്ത് ഭരണസമിതി. സാമ്പത്തിക ഭദ്രതയുള്ള സ്ത്രീകൾക്കല്ല ഏറെ പ്രയാസം അനുഭവിക്കുന്നവർക്കാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കേണ്ടതെന്നും ഭരണസമിതി പദ്ധതിക്കെതിരല്ലെന്നും പ്രമേയത്തിൽ പറയുന്നു. സ്ഥിരസമിതി അധ്യക്ഷൻ എ.കെ.കമറുദ്ദീനാണ് പ്രമേയം അവതരിപ്പിച്ചത്. പഞ്ചായത്തംഗം നെച്ചിക്കാട്ടിൽ മുസ്തഫ പിന്താങ്ങി.

എന്നാൽ, എൽഡിഎഫ് അംഗങ്ങളും ഏക എസ്ഡിപിഐ അംഗവും പ്രമേയത്തെ എതിർത്തു. കോൺഗ്രസിനു ഭരണസമിതിയിൽ പ്രാതിനിധ്യമില്ല. പദ്ധതി മൂലം സ്വകാര്യബസ് ജീവനക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ കൂടി കണക്കിലെടുത്താണ് ആവശ്യം ഉന്നയിച്ചതെന്നു കമറുദ്ദീൻ പറഞ്ഞു.

വനിതകൾക്കു സൗജന്യയാത്ര എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽനിന്നു സർക്കാർ പതിയെ പിന്തിരിയുന്നതിനു അനുകൂലമായാണ് പ്രമേയം അവതരിപ്പിച്ചതെന്നും ഇതിനാലാണ് എതിർത്തതെന്നും സിപിഎം അംഗം എം.രാജീവ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മെഹനാസ് അധ്യക്ഷത വഹിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!