മുത്തങ്ങ അബ്ദുള്‍ സലാം വധശ്രമക്കേസ്; ശിക്ഷാവിധിയില്‍ പിഴവുകളുണ്ട്, വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

Share our post

കൊച്ചി: മുത്തങ്ങ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയില്‍ പിഴവുകളുണ്ടെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ശിക്ഷാവിധി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. ഓരോ ഭാഗവും പ്രത്യേകമായി പരിശോധിക്കണം. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് അന്തിമവിധിയില്‍ എഴുതിയതില്‍ പിഴവുണ്ടെന്നാണ് കോടതി വ്യക്തമാക്കുന്നത്. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് അന്തിമവിധിയില്‍ എങ്ങനെ പറയാനാകുമെന്നും ഹൈക്കോടതി ചോദിച്ചു.

അന്തിമ വിധിയില്‍ പൂര്‍ണമായും കുറ്റം തെളിയിക്കപ്പെടണമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ശിക്ഷാ വിധിയില്‍ സിബിഐക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയിരിക്കുകയാണ്. എം ഗീതാനനന്ദന്‍ ഉള്‍പ്പടെയുള്ളവരുടെ അപ്പീല്‍ പരിഗണിച്ചാണ് നോട്ടീസ്. അപ്പീലില്‍ സംസ്ഥാന സര്‍ക്കാരും മറുപടി നല്‍കണം എന്ന് കോടതി നിര്‍ദേശിച്ചു. കേസില്‍ നാല് പേരെയാണ് വിചാരണ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഗോത്രമഹാസഭാ നോതാവ് എം ഗീതാനന്ദന്‍, ബിനു, രമേശന്‍, അനില്‍ കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരുടെ ശിക്ഷാവിധി റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയിരുന്നത്. ജസ്റ്റിസ് എ ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ചാണ് ആപ്പീല്‍ പരിഗണിച്ചത്.

ഇതില്‍ ശിക്ഷാ വിധി മരവിപ്പിക്കുക എന്ന അപ്പീലില്‍ ബുധനാഴ്ചയായിരിക്കും ഹൈക്കോടതി വാദം കേള്‍ക്കുക. പുനരന്വേഷണത്തിന് സിബിഐക്ക് അനുമതി നല്‍കി ഒരു ഉത്തരവും ഇറക്കിയിരുന്നില്ലെന്നും അധികാരമില്ലാത്ത കേസാണ് സിബിഐ അന്വേഷിച്ചതെന്നുമുള്ള വാദം എം ഗീതാനന്ദന്‍ അടക്കമുള്ള പ്രതികള്‍ ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ കല്‍പ്പറ്റ സെഷന്‍സ് കോടതിയിലെ വിചാരണ തന്നെ നിയമ വിരുദ്ധമാണ്. ഗൂഢാലോചനകുറ്റം മാത്രമായി നിലനില്‍ക്കില്ലെന്നും സംഭവത്തിലെ രണ്ട് കേസുകളില്‍ രണ്ട് മാനദണ്ഡമാണ് കോടതി സ്വീകരിക്കുന്നത് എന്ന വാദവും പ്രതികള്‍ ഉയര്‍ത്തുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!