ഓണത്തിന് നാട്ടിലെത്താൻ പാടുപെടും; ട്രെയിനിൽ ടിക്കറ്റില്ല, വിമാന നിരക്ക് കേട്ടാൽ തലകറങ്ങും, ഒരു കുടുംബത്തിന് മിനിമം 50,000 വേണം

Share our post

ന്യൂഡൽഹി : ഈ ഓണത്തിനും നാടുകാണണമെങ്കിൽ ഡൽഹി മലയാളിയുടെ കീശ കീറും. ഓണക്കാലത്തു ഡൽഹിയിൽ നിന്നു കേരളത്തിലേക്കുള്ള യാത്രച്ചെലവ് ഇരട്ടിയിലേറെയായി. നാലംഗ കുടുംബത്തിന് ഓണക്കാലത്ത് നാട്ടിൽ പോയിവരാൻ 50,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണു ചെലവാകുക.

ട്രെയിനിൽ ടിക്കറ്റ് കിട്ടാനില്ലാത്തതിനൊപ്പം വിമാന യാത്രാനിരക്ക് ഇരട്ടിയിലേറെ വർധിച്ചതുമാണു തിരിച്ചടിയായത്. ഡൽഹിക്കു പുറമേ ഉത്തരേന്ത്യയിലെ മറ്റും നഗരങ്ങളിൽ‌ താമസിക്കുന്ന മലയാളികൾക്കും ഓണക്കാലത്തെ യാത്രാദുരിതം വെല്ലുവിളിയാണ്. മിക്ക നഗരങ്ങളിൽ നിന്നും നേരിട്ട് ട്രെയിനുകളോ വിമാനങ്ങളോ ഇല്ലാത്തതിനാൽ ഡൽഹിയിലെത്തി വേണം നാട്ടിലേക്കു യാത്ര തിരിക്കാൻ. ഓണയാത്രയ്ക്കു സമയവും കാശും കൂടുതൽ ചെലവാകുമെന്നതിനാൽ ഉത്തരേന്ത്യയിൽ ജീവിക്കുന്ന പല മലയാളിക്കുടുംബങ്ങളും കഷ്ടത്തിലാണ്.

ഡൽഹിക്ക് സ്പെഷലില്ല

ഓണക്കാലത്തു വിവിധ സ്ഥലങ്ങളിൽ നിന്നു കേരളത്തിലേക്ക് 100 സ്പെഷൽ ട്രെയിനുകൾ അനുവദിക്കുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചെങ്കിലും അക്കൂട്ടത്തിൽ ഡൽഹിയിൽ നിന്നു പ്രത്യേക സർവീസുകളില്ല. ചെന്നൈ, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നു സ്പെഷൽ ട്രെയിൻ അനുവദിച്ചപ്പോഴും ഡൽഹിയെ അധികൃതർ മറന്നു. അതോടെ ഓണാഘോഷത്തിനു നാട്ടിൽ പോയിവരാൻ കാത്തിരിക്കുന്ന ജോലിക്കാരും വിദ്യാർഥികളും ഉൾപ്പെടെ വലിയൊരു വിഭാഗം പ്രതിസന്ധിയിലായി. ദിവസേന കേരളത്തിലേക്കു സർവീസ് നടത്തുന്ന കേരള, മംഗള–ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനുകളിൽ മാസങ്ങൾക്കു മുൻപേ ബുക്ക് ചെയ്ത ടിക്കറ്റുകൾ ഇപ്പോഴും വെയ്റ്റ്ലിസ്റ്റിലാണ്. ഉത്തരേന്ത്യയിൽ വേനൽ കടുത്തതോടെ സ്ലീപ്പർ ക്ലാസ് യാത്ര ചിന്തിക്കാൻ പോലും കഴിയില്ല. തേഡ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകളും മംഗള, കേരള എക്സ്പ്രസുകളിൽ കിട്ടാനില്ല.

അവയ്ക്കു പുറമേ രാജധാനി എക്സ്പ്രസ്, മിലേനിയം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഹിമസാഗർ എക്സ്പ്രസ്, യശ്വന്ത്പുര– കൊച്ചുവേളി എക്സ്പ്രസ്, സമ്പർക്കക്രാന്തി എക്സ്പ്രസ്, അമൃത്സർ– കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, നിസാമുദ്ദീൻ– തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, സ്വർണ ജയന്തി എക്സ്പ്രസ്, നിസാമുദ്ദീൻ– തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ട്രെയിനുകളിലും ടിക്കറ്റ് കിട്ടാനില്ല.

മാനംമുട്ടി വിമാനടിക്കറ്റ്

നാട്ടിലേക്കുള്ള വിമാനയാത്രയുടെ ചെലവ് നിലവിൽ ഒരു ഇടത്തരം കുടുംബത്തിന് എത്തിപ്പിടിക്കാവുന്നതിലും ഉയരത്തിലാണ്. ഡൽഹിയിൽ നിന്നു കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ നഗരങ്ങളിലേക്കുള്ള വിമാനയാത്രയ്ക്ക് 15,000നു മുകളിലാണു ടിക്കറ്റ് നിരക്ക്. തിരികെ വരാനും ഏകദേശം ഇതേ തുക ടിക്കറ്റിന് ചെലവാക്കേണ്ടിവരും. 2 കുട്ടികളും മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബത്തിനു കേരളത്തിലേക്ക് വിമാനത്തിൽ പോകണമെങ്കിൽ ഏകദേശം 60,000 രൂപ ചെലവ് വരും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!