കോഴിക്കോട്ട് സ്കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ; മുൻപ് ഷോറൂമിൽനിന്ന് പൾസർ കടത്തിയ കേസിലെ പ്രതി
കോഴിക്കോട്: മാവൂർ റോഡ് പരിസരത്തുനിന്ന് സ്‌കൂട്ടർ മോഷ്ടിച്ചയാൾ പിടിയിൽ. മടവൂർ മുട്ടാഞ്ചേരി സ്വദേശി എരഞ്ഞോട്ടിൽ വീട്ടിൽ അഖിലിനെ(29)യാണ് കസബ പോലീസ് അറസ്റ്റുചെയ്തത്. ഈ മാസം 18-ന് മാവൂർ റോഡിലെ സെൽഫോണിക്‌സ് മൊബൈൽ സർവീസ് സെന്ററിന് എതിർവശത്തുള്ള കെട്ടിടത്തിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ട ഗുരുവായൂരപ്പൻ കോളേജ് സ്വദേശിയായ യുവാവിന്റെ ആക്‌സസ് സ്‌കൂട്ടറാണ് ഇയാൾ മോഷ്ടിച്ചത്.
യുവാവിന്റെ പരാതിയിൽ കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സംഭവസ്ഥലത്തേയും സമീപപ്രദേശങ്ങളിലേയും നിരവധി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തുടർന്ന് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പുല്ലാളൂരിൽവെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
2018-ൽ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ എടപ്പാളിലുള്ള കെ.വി.ആർ. ബൈക്ക് ഷോറൂമിന്റെ മുൻവശത്ത് ഡിസ്‌പ്ലെ ചെയ്തുവെച്ചിരുന്ന പൾസർ 220 ബൈക്ക് മോഷ്ടിച്ചതിനും അഖിലിനെതിരേ കേസുണ്ട്. 2019-ൽ കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ എൻ.ഐ.ടി.ക്ക് സമീപം യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ചതിനും പൊതുസ്ഥലത്തുവെച്ച് മദ്യപിച്ചതിനും അടക്കം ഒട്ടേറെ കേസുകളും ഇയാൾക്കെതിരേ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
