ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിങ്; ആന്റിവെനം സൗകര്യം പി എച്ച് സി കളിലേക്കും; പ്രത്യേക പദ്ധതി
തിരുവനന്തപുരം: പാമ്പ് കടിയേറ്റുള്ള മരണങ്ങൾ തടയുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കർമപദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാമ്പുകടി കേസുകൾ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാൻ നടപടികൾ ശക്തിപ്പെടുത്തും. പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തിൽ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിങ് നടത്തും. പാമ്പ് കടിയേറ്റ് കൂടുതൽ ആളുകളെത്തുന്ന ആശുപത്രികളെ റെഡ് ഫ്ളാഗ്ഡ് ഇൻസ്റ്റിറ്റ്യൂഷനായി കണക്കാക്കി കൂടുതൽ സൗകര്യങ്ങളൊരുക്കും. സാമൂഹികാധിഷ്ഠിത നിരീക്ഷണത്തോടെ പാമ്പുകടികൾ റിപ്പോർട്ട് ചെയ്യും. ചികിത്സയുമായി ബന്ധപ്പെട്ട കാലതാമസം പ്രത്യേകമായി നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഹബ് ആന്റ് സ്പോക്ക് സംവിധാനം
ആശുപത്രികളെ ഹബ് ആന്റ് സ്പോക്ക് രീതിയിൽ ക്രമീകരിച്ച് റഫറൽ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും. ആന്റിവെനം ഉള്ള ആശുപത്രികളിൽ പെട്ടെന്ന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള വിദൂരങ്ങളിലുള്ള PHC/CHCകളിൽ ആന്റി-സ്നേക്ക് വെനം ലഭ്യമാക്കും. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും റഫറൽ ആശുപത്രികളും കൂടുതൽ ശക്തിപ്പെടുത്തുകയും ‘റെഡ് ഫ്ളാഗ്’ പ്രദേശങ്ങളിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യും. പാമ്പുകടി ജീവന് ഭീഷണിയുള്ള രോഗമായതിനാൽ സമീപത്തുള്ള സജ്ജമായ ആശുപത്രിയിൽ ഉടൻ ചികിത്സ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയും. ഹമ്പ് നോസ് പിറ്റ് വൈപ്പർ, മലബാർ പിറ്റ് വൈപ്പർ തുടങ്ങിയവയ്ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോളുകളും നടപ്പാക്കും. ഡോക്ടർമാർക്ക് പാമ്പുകളുടെ ചിത്രങ്ങൾ പരിചയപ്പെടുത്തുകയും നഴ്സുമാർക്ക് LMA (Laryngeal Mask Airway) പരിശീലനം നൽകുകയും ചെയ്യും. പാമ്പുകടിയെക്കുറിച്ചുള്ള പ്രാഥമിക ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കും.
സമൂഹിക പങ്കാളിത്തവും ‘വൺ ഹെൽത്ത്’ സമീപനവും
തൊഴിലാളികൾക്ക് ഗംബൂട്ടുകളും, റബ്ബർ ഗ്ലൗസുകളും പോലുള്ള സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണം. കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള റിപ്പോർട്ടിംഗ് സംവിധാനങ്ങൾ വികസിപ്പിക്കുകയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിച്ച് പാമ്പുകടി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.
ശക്തമായ ബോധവത്ക്കരണം
ശക്തമായ ബോധവത്ക്കരണം നൽകും. സർപ്പ വോളന്റിയർമാരുടെ സഹായത്തോടെ അധ്യാപകർക്ക് ബോധവത്കരണം നൽകും. സ്കൂൾ സോഷ്യൽ മീഡിയ ക്ലബ്ബുകൾ വഴി വിദ്യാഭ്യാസ വീഡിയോകൾ തയ്യാറാക്കും. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ പരിശീലന പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനതലത്തിൽ ഏകീകൃത ഐഇസി മെറ്റീരിയലുകൾ വികസിപ്പിക്കുകയും പാഠ്യപദ്ധതിയിൽ പാമ്പുകടി പ്രതിരോധം ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുകയും ചെയ്യും.
2025-ൽ വർഷം 133 ആശുപത്രികളിലായി 8456 വയൽ ആന്റി സ്നേക്ക് വെനമാണ് വിതരണം ചെയ്തത്. അതിൽ 6382 വയൽ ആന്റി വെനമാണ് രോഗികൾക്ക് നൽകിയത്. 18 മരണങ്ങളാണ് കഴിഞ്ഞ വർഷം ഉണ്ടായത്. അതായത് ബഹു ഭൂരിപക്ഷം പേരേയും രക്ഷപ്പെടുത്താനായി. തെരഞ്ഞെടുത്ത സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആന്റി വെനം നൽകുന്നത്. അതിനാൽ തന്നെ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം നടത്തരുത്.
പാമ്പുകടിയേറ്റാൽ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കി ജീവൻ രക്ഷിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ പരമാവധി ആശുപത്രികളിൽ സൗകര്യമൊരുക്കി ആന്റി വെനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു. കഴിഞ്ഞ വർഷത്തിൽ നിന്നും 13 സർക്കാർ ആശുപത്രികളിൽ കൂടി ആന്റിവെനം ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ 151 സർക്കാർ ആശുപത്രികളിലും 150 സ്വകാര്യ ആശുപത്രികളിലും ആന്റിവെനം ലഭ്യമാണ്. ആന്റി വെനം ലഭ്യമാകുന്ന സർക്കാർ, സ്വകാര്യ ആശുപത്രികളുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല കനിവ് 108 ആംബുലൻസ് വഴി ആന്റി വെനം ഉള്ള ആശുപത്രികളിൽ രോഗികളെ കൃത്യമായി എത്തിക്കാനുള്ള നടപടി സ്വീകരിച്ചു. കനിവ് 108 ആംബുലൻസിലുള്ള പരിചയ സമ്പന്നരായ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വഴി പ്രഥമ ശുശ്രൂഷയും ആംബുലൻസിലെ നിരീക്ഷണവും ഉറപ്പാക്കാനാകും. ആവശ്യമായവർ 108 എന്ന നമ്പരിൽ വിളിക്കണം. ഈ സേവനം ആരംഭിച്ച ശേഷം 5 ദിവസത്തിനിടെ പാമ്പുകടിയേറ്റ 75 പേരേയും പാമ്പുകടി സംശയിച്ച 62 പേരേയും സമയബന്ധിതമായി ആശുപത്രിയിലെത്തിക്കാനായി.
രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോൾ പ്രകാരമാണ് ആന്റി സ്നേക്ക് വെനം നൽകുന്നത്. വാഹനം വരുന്നത് വരെ പാമ്പുകടിയേറ്റയാൾ 108 ടീമിന്റെ ഉപദേശമനുസരിച്ച് പ്രവർത്തിക്കുക. പാമ്പുകടിയേറ്റയാളെ ശാന്തനാക്കുക. ഭീതി ഉണ്ടാക്കിയാൽ രക്തത്തിലൂടെ വിഷം പെട്ടെന്ന് പടരും. അനാവശ്യ ചലനം ഒഴിവാക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുക. പ്രത്യേകിച്ചും കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രച്ചറിൽ കിടത്തിയോ ആശുപത്രിയിൽ എത്തിക്കുക. മുറിവ് ഒരിക്കലും അമിതമായി മുറുക്കിക്കെട്ടരുത്. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുകയാണ് പ്രധാനം.
