വാർത്തകൾക്ക് ഗൂഗിളും മെറ്റയും പണം നൽകണം; ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് പുതിയ നിയമനിർമാണം
മെൽബൺ: ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് പുതിയ നിയമനിർമാണത്തിനൊരുങ്ങി ഓസ്ട്രേലിയ. മാധ്യമപ്രവർത്തനത്തിൽ ഗുണനിലവാരം ഉറപ്പാക്കാനും ടെക് ഭീമന്മാർ മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകുമെന്ന് ഉറപ്പാക്കുന്നതിനുമായാണ് നിയമനിർമാണം.
മെറ്റ, ഗൂഗിൾ, ടിക്ടോക് തുടങ്ങിയ ടെക് ഭീമന്മാർ പ്രാദേശിക മാധ്യമങ്ങളിലെ വാർത്തകൾ പങ്കുവെക്കുന്നതിന് മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് നിയമനിർമാണം. രാജ്യത്ത് നിന്നുണ്ടാക്കുന്ന വരുമാനത്തിന്റെ 2.25 ശതമാനം നികുതിയായി നൽകണമെന്നാണ് നിയമം.
ഇതുസംബന്ധിച്ച കരടുനിയമം സർക്കാർ ചൊവ്വാഴ്ച പുറത്തുവിട്ടു. ജൂലൈ രണ്ടിന് നിയമം പാർലമെന്റിൽ അവതരിപ്പിക്കും. മാധ്യമപ്രവർത്തകർക്ക് അർഹമായ വിഹിതം ഉറപ്പാക്കാനും നിയമം ലക്ഷ്യമിടുന്നു.
വാർത്തകളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതിന് ടെക് കമ്പനികൾ മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകണമെന്ന് അനുശാസിക്കുന്ന ന്യൂസ് മീഡിയ ബാർഗെയ്നിംഗ് കോഡ് പാലിക്കാൻ കമ്പനികൾ തയാറാകാത്ത സാഹചര്യത്തിലാണ് നടപടി.
എന്നാൽ നിർബന്ധിതമായി പണം നൽകാനാവശ്യപ്പെടുന്നത് ശരിയല്ലെന്നും മാധ്യമങ്ങൾ അവരുടെ ഇഷ്ടപ്രകാരമാണ് ഉള്ളടക്കം പങ്കുവയ്ക്കുന്നതെന്നും മെറ്റ വ്യക്തമാക്കി.
