ശബരിമല യുവതീ പ്രവേശത്തിലെ റഫറന്‍സ് വാദം: ബിന്ദു അമ്മിണിയും കനദുര്‍ഗയും വിശ്വാസികള്‍ ആണോയെന്ന് സുപ്രീം കോടതി
തിരുവനന്തപുരം: ശബരിമലയില്‍ പോയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികള്‍ ആണോ എന്ന ചോദ്യവുമായി സുപ്രീം കോടതി. ശബരിമല വിധിയിലെ റഫറന്‍സില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് ബി വി നാഗരത്നയുടെ ചോദ്യം. സാമൂഹ്യ പരിഷ്‌കരണത്തിന്റെ പേരില്‍ മതത്തിന്റെ അന്തസത്ത ഇല്ലാതാക്കാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ബി വി നാഗരത്നയുടെ നിരീക്ഷണം.
നൂറ്റാണ്ടുകളായുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും പുനപരിശോധിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ആചാരമാണോ അതോ സ്ത്രീയുടെ ആഗ്രഹം ആണോ നിലനില്‍ക്കേണ്ടത് എന്നും സുപ്രീം കോടതി ചോദിച്ചു. നാടിന്റെ നാഗരികവും മതപരവുമായ ചരിത്രത്തെ നമുക്ക് അവഗണിക്കാനാകില്ലെന്നും ജസ്റ്റിസ് ബി വി നാഗരത്ന പറഞ്ഞു.
ബിന്ദു അമ്മിണി വിശ്വാസിയാണെന്നും ചെറുപ്പത്തില്‍ ശബരിമലയില്‍ പോയിരുന്നുവെന്നും അഭിഭാഷക ഇന്ദിര ജയ്സിംഗ് മറുപടി നല്‍കി. ശബരിമലയില്‍ പോയതിന് ബിന്ദു അമ്മിണി ആള്‍ക്കൂട്ട ആക്രമണം നേരിടേണ്ടി വന്നു. ബിന്ദു അമ്മിണിക്ക് കേരളം വിടേണ്ടി വന്നുവെന്നും അഭിഭാഷക സുപ്രീം കോടതിയെ അറിയിച്ചു. റഫറന്‍സില്‍ സുപ്രീം കോടതി ഉച്ചയ്ക്ക് ശേഷവും വാദം കേള്‍ക്കും.
