വയനാട് ടൗൺഷിപ്പ്; ഏഴ് കുടുംബങ്ങൾക്ക് താക്കോൽ കൈമാറി
വയനാട്: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച ടൗൺഷിപ്പിൽ പുനരധിവാസത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഏഴ് കുടുംബങ്ങൾക്ക് താക്കോൽ കൈമാറി. പദ്ധതിയുടെ മൂന്നാം സോണിൽ ഉൾപ്പെട്ട ക്ലസ്റ്ററിലെ വീടുകളുടെ താക്കോലുകളാണ് ആദ്യമായി ഗുണഭോക്താക്കൾക്ക് നൽകിയത്. സർക്കാർ ടൗൺഷിപ്പ് യാഥാർഥ്യമായ ശേഷം ഔദ്യോഗികമായി താക്കോൽ കൈമാറുന്ന ആദ്യ സംഭവമാണിത്. വീടുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്നുവന്ന ചോർച്ച ഉൾപ്പെടെയുള്ള പരാതികൾ പരിഹരിച്ച ശേഷമാണ് ഈ നീക്കം.
വീടുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശദമായ പരിശോധനകൾക്ക് ശേഷമാണ് കൈമാറ്റ നടപടികൾ പൂർത്തിയാക്കിയത്. ഊരാളുങ്കൽ സർവീസ് സൊസൈറ്റി (ULCCS), കിറ്റ്കോ (KITCO) എന്നിവരുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഓരോ കുടുംബവും തങ്ങൾക്ക് അനുവദിച്ച വീടുകൾ നേരിട്ട് പരിശോധിച്ചു. ഇനിയും എന്തെങ്കിലും അപാകതകൾ ശ്രദ്ധയിൽപ്പെട്ടാൽ അവ ഉടനടി പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. ബാക്കിയുള്ള വീടുകളുടെ പരിശോധനയും സമാന രീതിയിൽ പൂർത്തിയാക്കി താക്കോൽ കൈമാറാനാണ് സർക്കാരിന്റെ തീരുമാനം.
സ്വന്തം വീട് എന്ന സ്വപ്നം യാഥാർഥ്യമായതിൽ സന്തോഷമുണ്ടെങ്കിലും, വൈകാരികമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ദുരന്തബാധിതർ ഈ ഘട്ടത്തിൽ പ്രതികരിച്ചത്. ടൗൺഷിപ്പിൽ അനുവദിക്കപ്പെട്ട 178 കുടുംബങ്ങളും ഒന്നിച്ച് മാത്രമേ താമസം തുടങ്ങുകയുള്ളൂ എന്ന നിലപാടിലാണ് താക്കോൽ ഏറ്റുവാങ്ങിയ കുടുംബങ്ങൾ. തങ്ങളെ ചേർത്തുപിടിച്ച കേരള സമൂഹത്തോടും സർക്കാരിനോടും വലിയ നന്ദിയുണ്ടെന്നും, ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട തങ്ങൾക്കിനി ബാക്കിയുള്ളത് ഈ കൂട്ടായ്മയാണെന്നും അവർ പറഞ്ഞു. അതിനാൽ എല്ലാ വീടുകളുടെയും താക്കോൽ കൈമാറ്റം പൂർത്തിയായ ശേഷം മാത്രമേ ടൗൺഷിപ്പിലേക്ക് പൂർണമായ താമസ മാറ്റം ഉണ്ടാവുകയുള്ളൂ.
