മെയ് മുതൽ എൽപിജി സിലിണ്ടറിന് പുതിയ ബുക്കിങ് ചട്ടം; ആധാറും ഒടിപിയും നിർബന്ധം, വിലയും കൂടും?
എൽപിജി സിലിണ്ടർ ബുക്കിങ് ചട്ടം മെയ് ഒന്നുമുതൽ മാറും. മേയ് ഒന്നിന് എൽപിജി സിലിണ്ടർ വില കൂടാനും സാധ്യതയേറെ. ഇറാൻ-യുഎസ് സംഘർഷ പശ്ചാത്തലത്തിൽ ഹോർമുസിലൂടെയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലാണ്. ഇതാണ്, ഇന്ത്യയിലെയും എൽപിജി വിതരണത്തിന്റെ താളംതെറ്റിച്ചത്. പ്രതിസന്ധി ലഘൂകരിക്കുന്നതിന്റെ ഭാഗമാണ് മേയ് മുതലുള്ള മാറ്റങ്ങൾ.
മാറ്റം ഇങ്ങനെ, നേരത്തേ പ്ലാൻ ചെയ്യാം
പുതിയ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാവുന്ന ഇടവേള നഗര മേഖലകളിൽ 21 ദിവസത്തിൽ നിന്ന് 25 ദിവസമാക്കിയതാണ് പ്രധാനമാറ്റം. അതായത്, ഒരുതവണ ബുക്ക് ചെയ്തശേഷം അടുത്ത ബുക്ക് ചെയ്യാൻ 25 ദിവസം കാത്തിരിക്കണം. ഗ്രാമങ്ങളില് ഇത് 45 ദിവസം വരെയാണ്. അതായത്, സിലിണ്ടർ ബുക്കിങ് മുൻകൂട്ടി പ്ലാൻ ചെയ്തില്ലെങ്കിൽ ഉപഭോക്താവ് ‘പാടുപെടും’. സിലിണ്ടർ കിട്ടാൻ താമസം നേരിട്ടേക്കാം.
ഒടിപി നിർബന്ധം
ബുക്ക് ചെയ്തയാൾക്ക് തന്നെയാണോ സിലിണ്ടർ ലഭിക്കുന്നതെന്ന് ഉറപ്പാക്കാൻ നിലവിൽ ഒറ്റത്തവണ പാസ്വേർഡ് (ഒടിപി) സംവിധാനമുണ്ട്. ഏതാണ്ട് 98 ശതമാനം ബുക്കിങ്ങുകളും ഓൺലൈൻ വഴിയാണുതാനും. ഇങ്ങനെ ബുക്ക് ചെയ്യുമ്പോൾ ഒരു ഒടിപി ലഭിക്കും. ഇത് ഡെലിവറി ഏജന്റിന് കൈമാറിയാലേ സിലിണ്ടർ ലഭിക്കൂ. ഗാർഹിക ഉപഭോക്താക്കൾക്കുള്ള ഇളവുകൾ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഈ സംവിധാനം. ഇത് സ്ഥിരമാക്കാനാണ് സർക്കാർ നീക്കം.
ഉജ്വലയ്ക്ക് ഇ-കെവൈസി
പ്രാധാനമന്ത്രി ഉജ്വല ജോയന പ്രകാരമുള്ള ഉപഭോക്താക്കൾക്ക് ആധാർ അധിഷ്ഠിത ഇ-കെവൈസി നിർബന്ധമാക്കി. ഇനിയും കെവൈസി പ്രക്രിയ പൂർത്തിയാക്കാത്തവർ ഉടൻ ചെയ്യണം. ഓരോ സാമ്പത്തിക വർഷവും ഒരിക്കൽ ഇത് ചെയ്യണം. ഉജ്വല ഇതര ഉപഭോക്താക്കൾക്കും കെവൈസി പൂർത്തിയാക്കിയതുമായ ഉപഭോക്താക്കൾക്ക് ഈ വ്യവസ്ഥ ബാധകമല്ല.
വിലയും കൂടും?
സാധാരണ ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പുതുക്കുന്നത്. യുദ്ധത്തെ തുടർന്നുമാത്രം രണ്ടു തവണ എണ്ണക്കമ്പനികൾ വില കൂട്ടിയിരുന്നു. മാർച്ചിൽ ഗാർഹിക സിലിണ്ടറുകളുടെ (14.2 കിലോഗ്രാം) വില 60 രൂപ കൂട്ടി. മേയിലും വില കൂട്ടിയേക്കാം. നിലവിൽ 922 രൂപയാണ് തിരുവനന്തപുരത്ത് വില. വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വില മാർച്ചിൽ 144 രൂപയും ഏപ്രിലിൽ 200 രൂപയും കൂട്ടിയിരുന്നു. ഇതിന്റെ വിലയും കൂടാനാണ് സാധ്യത. നിലവിൽ 2112 രൂപയാണ് തിരുവനന്തപുരത്തെ വില.
പരിഭ്രാന്തി വേണ്ടെന്ന് സർക്കാർ
രാജ്യത്ത് ക്രൂഡ് ഓയിൽ, പാചക വാതകം എന്നിവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. പെട്രോൾ പമ്പുകളെല്ലാം സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നത്. ജനങ്ങൾ പരിഭ്രാന്തിയിൽ അനാവശ്യമായ ബുക്കിങ് നടത്തരുതെന്ന് പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ അഭ്യർഥിച്ചു.
