നെടുങ്കണ്ടത്തെ ഇരട്ട കൊലപാതകം; സജി കസ്റ്റഡിയിൽ, പിടികൂടിയത് വീടിനുസമീപത്തെ പറമ്പിൽനിന്ന്
നെടുങ്കണ്ടം (ഇടുക്കി): നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജി (43) പോലീസ് പിടിയിൽ. സജിയുടെ മാതാവ് മേരിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്ന് രണ്ട് മൃതദേഹാവശിഷ്ടങ്ങൾ തിങ്കളാഴ്ച കണ്ടെടുത്തിരുന്നു. ഇത് മേരിക്കുട്ടിയുടെയും മറ്റൊരു മകനായ റെജിയുടേതുമാണെന്നാണ് സംശയം. ഇവരെ സജി കൊലപ്പെടുത്തിയതാണ് എന്നാണ് പോലീസിന്റെ നിഗമനം.
ഈ വീട്ടിൽ താമസിച്ചിരുന്നവരും കാണാതായതായി പരാതി ലഭിച്ചതുമായ പച്ചടി പൊൻതിട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (54) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത് എന്നാണ് സംശയിക്കുന്നത്. കേസിലെ പ്രധാന പ്രതിയായി പോലീസ് സംശയിക്കുന്ന വ്യക്തിയാണ് സജി. ഇന്നലെ വീട്ടിൽ പരിശോധനയ്ക്കെത്തിയ പോലീസിനെ കണ്ട് സജി ഓടിപ്പോവുകയായിരുന്നു. തുടർന്ന് ഇയാൾക്കുവേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. വീടിനുസമീപത്തെ പറമ്പിൽനിന്നാണ് ഇന്ന് സജി പിടിയിലായത്. കഴിഞ്ഞ ദിവസം ഇവരുടെ വീടിനടുത്തുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ സജിയുമായി സംസാരിച്ച് നിൽക്കുന്നതിനിടെയാണ് അന്വേഷണത്തിനായി മറ്റ് ഉദ്യോഗസ്ഥർ അങ്ങോട്ട് എത്തിയത്. പിന്നാലെ സജി ഇവിടെനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.
സ്ഥലത്ത് പോലീസ് നായയെ എത്തിച്ച് നടത്തിയ അന്വേഷണത്തിൽ പറമ്പിന്റെ പരിസരത്തുനിന്ന് തന്നെ സജിയുടെ ബാഗ് കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ മുതൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഡ്രോണും പോലീസ് നായകളെയും ഉപയോഗിച്ചാണ് അന്വേഷണം നടത്തിവന്നത്. സമീപത്തെ ഏലത്തോട്ടത്തിൽ ഇയാൾ ഉണ്ടാകുമെന്നായിരുന്നു പോലീസിന്റെ നിഗമനം.
തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പിൽ ഒരു പുരുഷന്റെ കാലിന്റെ ഭാഗം മണ്ണിനടിയിൽനിന്ന് പുറത്തേക്കുനിൽക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പോലീസിൽ അറിയിച്ചു. തുടർന്ന് ഫൊറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ മണ്ണുമാറ്റി പരിശോധന തുടങ്ങി. ഉച്ചയ്ക്ക് 1.45-ഓടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ ഒരേകുഴിയിൽ ആയിരുന്നു. വേഗം ജീർണിക്കുന്നതിനും ദുർഗന്ധം പുറത്തേക്ക് വരാതിരിക്കുന്നതിനുമായി കുഴിയിൽ കുമ്മായം വിതറിയിരുന്നു.
ഒരു സ്ത്രീയുടെയും പുരുഷന്റേതുമാണ് മൃതദേഹം. അഴുകിയനിലയിലായിരുന്നു. എന്നാൽ, പോസ്റ്റുമോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കുംശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് ഇടുക്കി എസ്.പി. സാബുമാത്യു പറഞ്ഞു. മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് കാട്ടി മേരിക്കുട്ടിയുടെ മകൾ സിനി ഞായറാഴ്ച പോലീസിൽ പരാതി നൽകിയിരുന്നു.
