ഇന്ധനപ്രതിസന്ധിക്ക് പിന്നാലെ ഇൻഡക്ഷൻ കുക്കർ ഉപയോഗം വർധിച്ചു, ഇലക്ട്രിക് വാഹന ചാർജിങും കൂടി
തിരുവനന്തപുരം: വേനൽചൂട് രൂക്ഷമായതോടെയ കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 27ന് സർവകാല റെക്കോർഡായ 118.26 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. വൈകുന്നേരം 6ന് ശേഷമുള്ള വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് ഉയർന്നു. ഏപ്രിൽ 23ന് രാത്രി 10.30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ ആവശ്യകത കൂടുകയുണ്ടായി.
വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർധനയാണ് പ്രതിസന്ധിക്ക് കാരണമായത്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ കുക്കറിലേക്ക് പാചകത്തെ അധികമായി ആശ്രയിച്ചു. പീക്ക് സമയത്താണ് ഇൻഡക്ഷൻ കുക്കർ ഉപയോഗം കൂടുതലായുള്ളതും. കൂടാതെ, വെകുന്നേരം 6 മണിക്കുശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങും ചൂടിനെ തുടർന്ന് വർധിച്ച എ സിയുടെ ഉപയോഗവും പ്രതിസന്ധി രൂക്ഷമാക്കി. ഇവയാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാൻ കാരണമായതായി ഊർജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐഎഎസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തിയത്. പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ ഈ പ്രതിസന്ധി തരണം ചെയ്യാൻ കഴിയുമെന്നും യോഗം വിലയിരുത്തി.
പ്രതിസന്ധി നേരിടുന്നതിനായി രാത്രിയിൽ അരമണിക്കൂറിൽ താഴെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചിട്ടുണ്ട്. വൈകുന്നേരം 6 മുതൽ രാത്രി 12 വരെയുള്ള സമയത്താണ് 30 മിനിറ്റിൽ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. കൂടാതെ,
വൈദ്യുതി വാഹന ചാർജിംഗ് വൈകുന്നേരം 6 മുതൽ രാത്രി 12 വരെ പൂർണമായി ഒഴിവാക്കി, പകൽ സമയത്തേക്ക് ക്രമീകരിക്കണമെന്ന് ജനങ്ങൾക്ക് നിർദേശം നൽകി. രാത്രി സമയങ്ങളിൽ എസിയുടെ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കണം. ഇങ്ങനെ ചെയ്യുന്നത് മൂലം വലിയതോതിൽ വൈദ്യുതി ലാഭിക്കാനുമാകും.
ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗവും ഈ സമയത്ത് പരമാവധി ഒഴിവാക്കണം. വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയൺ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കണമെന്നും, വൈദ്യുതിയുടെ ഉത്തരവാദിത്തപൂർണ്ണമായ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ നൽകുന്നതിന് എനെർജി മാനേജ്മെന്റ് സെന്ററിനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.
