ഒരുങ്ങുന്നു, അയ്യപ്പൻതോടിൽ പുതിയപാലം

Share our post

കൂത്തുപറമ്പ് : മാങ്ങാട്ടിടം അയ്യപ്പൻതോട് പുതിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. രണ്ടുകോടി രൂപ ചെലവിട്ടാണ് പാലം നിർമിക്കുന്നത്. പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂത്തുപറമ്പ് -കിണവക്കൽ-വേങ്ങാട് റോഡിൽ അയ്യപ്പൻതോട്ടിലെ 50 വർഷത്തിലധികം പഴക്കമുള്ള പഴയ പാലം പൂർണമായും പൊളിച്ച് നീക്കിയാണ് പുതിയത് നിർമിക്കുന്നത്.

നേരത്തേയുണ്ടായിരുന്ന പാലം അപകടാവസ്ഥയിലായിരുന്നു. ഒപ്പം വീതി കുറവുമായിരുന്നു. ജനുവരി പകുതിയോടെയാണ് നിർമാണം ആരംഭിച്ചത്. ആകെ മൂന്ന് ഗർഡറുകളുകളാണ് പാലത്തിനുള്ളത്. രണ്ട് ഗർഡറുകളുടെ നിർമാണം പൂർത്തിയായി. ഒന്നിന്റെ നിർമാണം പുരോഗമിക്കുകയാണ്.

തലശ്ശേരി പി.ഡബ്ല്യു.ഡി. ബ്രിഡ്ജസ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്. അഴീക്കോട്ടുള്ള ഗ്രാവിറ്റി കൺസ്ട്രക്ഷനാണ് കരാർ ഏറ്റെടുത്തത്. മൂന്നുമാസംകൊണ്ട് തന്നെ പാലം പണി ഏകദേശം പൂർത്തിയായി. അനുബന്ധ റോഡിന്റെ ടാറിങ്ങാണ് ഇനി പൂർത്തിയാകാനുള്ളത്. 11 മീറ്റർ വീതിയുള്ളതാണ് പാലം. ഇരുഭാഗത്തുമായി 200 മീറ്റർ ദൂരത്തിലാണ് അനുബന്ധ റോഡ് വരുന്നത്.

പഴയ പാലത്തിന്റെ നീളം 12 മീറ്റർ ആയിരുന്നു. എന്നാൽ ഇപ്പോൾ 17 മീറ്റർ ആക്കിയിട്ടുണ്ട്. വീതി എട്ടരമീറ്ററിൽനിന്നും 11 മീറ്ററിലേക്കാക്കി. ഒന്നരമീറ്റർ വീതിയുള്ള നടപ്പാതയുമുണ്ട്. ദ്രുതഗതിയിലാണ് പാലം പ്രവൃത്തി നടക്കുന്നതെന്നും അടുത്തമാസം അവസാനത്തോടെ പാലം നാട്ടുകാർക്കായി തുറന്നുകൊടുക്കാൻ പറ്റുമെന്നുമാണ് കരാറുകാർ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!