ഇന്ന് അക്ഷയതൃതീയ; പ്രതീക്ഷയിൽ വ്യാപാരികൾ, വിലയിൽ ഉരുകുമോ സ്വർണവിൽപ്പന?

Share our post

കൊച്ചി: രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന സ്വർണവ്യാപാരം നടക്കുന്ന അക്ഷയതൃതീയ ഇത്തവണ ഞായറാഴ്ചയാണ്. സ്വർണംവാങ്ങാൻ ഏറ്റവും ശുഭസൂചകമായി കണക്കാക്കുന്ന ദിനം, വിൽപ്പന കണക്കുകൾകൊണ്ടും ശുഭകരമാകുമെന്നാണ് സംസ്ഥാനത്തെ സ്വർണവ്യാപാരികളുടെ പ്രതീക്ഷ. എന്നാൽ വിലക്കയറ്റം വിൽപ്പനയെ ബാധിക്കുമോ എന്ന ആശങ്ക അപ്പോഴും മറുവശത്തുണ്ട്.

2025-ൽ ഏപ്രിൽ 30-ന് ആയിരുന്നു അക്ഷയ തൃതീയ. അന്ന് സംസ്ഥാനത്ത് 1,500 കിലോയോളം സ്വർണം വിറ്റെന്നാണ് കണക്ക്. അതിന് തൊട്ടുമുൻപുള്ള വർഷത്തേക്കാൾ 200 കിലോയോളം കുറവ്. സ്വർണം വാങ്ങുന്നവരുടെ എണ്ണം വർധിച്ചെങ്കിലും അളവ് കുറയുകയായിരുന്നു. വിലക്കയറ്റമാണ് വിറ്റുപോയ സ്വർണത്തിന്റെ അളവ് കുറച്ചത്.

വില ഇത്തവണയും ഉയരത്തിലാണ്. കഴിഞ്ഞവർഷത്തെ സ്വർണവിലയുമായി താരതമ്യം ചെയ്യുമ്പോൾ 59 ശതമാനത്തിലധികമാണ് വർധന. 2025-ലെ അക്ഷയതൃതീയ ദിനത്തിൽ പവന് 71,840 രൂപയിലായിരുന്നു വ്യാപാരം. ശനിയാഴ്ചയാകട്ടെ പവൻ വില 1,14,240 രൂപയിലെത്തിനിന്നു. അതായത്, ഇതുവരെ പവന് 42,400 രൂപയാണ് കൂടിയത്. സ്വർണത്തിന്റെ അന്താരാഷ്ട്രവിലയും ഉയരത്തിലാണ്.

കഴിഞ്ഞവർഷം അക്ഷയതൃതീയ ദിനത്തിൽ 3,311 ഡോളറായിരുന്നു വില. ശനിയാഴ്ച 4,829 നിലവാരത്തിലാണ് വ്യാപാരം നടന്നത്. 1,500 ഡോളറിലധികമാണ് വിലയിലുണ്ടായ വർധന.

മികച്ച വിൽപ്പന പ്രതീക്ഷയിൽ വ്യാപാരികൾ

സ്വർണവില ഉയർന്നുനിൽക്കുമ്പോഴും വിൽപ്പന കുറയില്ലെന്നാണ് വ്യാപാരികൾ അറിയിക്കുന്നത്. സംസ്ഥാനത്ത് ചെറുതും വലുതുമായ 12,000 ഓളം ജൂവലറികളാണുള്ളത്. അവിടേക്ക് മുൻകൂട്ടി ബുക്ക് ചെയ്തവരടക്കം അഞ്ചുലക്ഷത്തോളം കുടുംബങ്ങൾ ഞായറാഴ്ച സ്വർണംവാങ്ങാൻ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.

ലൈറ്റ് വെയ്റ്റിന് ആവശ്യമേറും

മൂക്കുത്തി, കമ്മൽ, സ്വർണനാണയം തുടങ്ങി വള, മാല എന്നിവയ്ക്കെല്ലാം അക്ഷയതൃതീയ ദിവസം ആവശ്യക്കാർ ഏറെയാണ്. വിലക്കയറ്റം മൂലം ലൈറ്റ് വെയ്‌റ്റ്, കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ. 18 കാരറ്റ് സ്വർണത്തിന് പവന് 94,320 രൂപയാണ് ശനിയാഴ്ചത്തെ നിരക്ക്. ഒൻപത് കാരറ്റിന് 47,120 രൂപയും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!