കാടുകയറി മട്ടന്നൂരിലെ പോലീസ് ക്വാർട്ടേഴ്സുകൾ

Share our post

മട്ടന്നൂർ : മട്ടന്നൂർ സ്റ്റേഷൻ വളപ്പിലെ പോലീസ് ക്വാർട്ടേഴ്സുകൾ കാടുകയറി നശിക്കുന്നു. പല കെട്ടിടങ്ങളും ജീർണിച്ച് നിലംപൊത്താറായി. 24 കുടുംബങ്ങൾക്ക് താമസിക്കാൻ സൗകര്യമുള്ള കെട്ടിടങ്ങളാണ് വർഷങ്ങളായി പരിപാലനമില്ലാതെ നശിക്കുന്നത്. രണ്ടa കെട്ടിടങ്ങളിൽ മാത്രമാണ് ഇപ്പോൾ ആൾത്താമസമുള്ളത്. നഗരമധ്യത്തിലുള്ള ഏറ്റവും വാണിജ്യമൂല്യമുള്ള സ്ഥലത്താണ് കെട്ടിടങ്ങൾ ഉപയോഗശൂന്യമായിക്കിടക്കുന്നത്.

പോലീസ് ഹൗസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് 2003-ൽ പോലീസുകാർക്ക് താമസിക്കാനായി ക്വാർട്ടേഴ്സുകൾ നിർമിച്ചത്. സഹകരണസംഘം തന്നെയാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടതും. അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും കെട്ടിടങ്ങൾ നവീകരിക്കാനുള്ള നടപടിയുണ്ടാകുന്നില്ല.

ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷത്തിനുള്ളിൽ തന്നെ ഒരു കെട്ടിടം ചോർന്നൊലിച്ച് ഉപയോഗിക്കാൻ കഴിയാത്ത നിലയിലായിരുന്നു. ആൾത്താമസമില്ലാത്ത കെട്ടിടങ്ങൾ കാടുമൂടിയനിലയിലാണ്. കുടിവെള്ള ടാങ്കുകൾ ചോർന്നൊലിച്ചും മറ്റും മിക്ക കെട്ടിടങ്ങളും ശോച്യാവസ്ഥയിലായി. പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ സൂക്ഷിക്കുന്ന സ്ഥലവും കാടുകയറിയനിലയിലാണ്.

നിരവധി വാഹനങ്ങളാണ് ഇവിടെ തുരുമ്പെടുത്ത് നശിക്കുന്നത്. ഇവ മാറ്റാനോ ലേലംചെയ്യാനോ നടപടിയില്ല. മുമ്പ് ഒട്ടേറെ കായികമത്സരങ്ങളും മറ്റും നടത്തിയിരുന്ന മൈതാനത്താണ് കെട്ടിടങ്ങൾ പണിതത്. പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിച്ചിട്ട് രണ്ടുവർഷമായെങ്കിലും ക്വാർട്ടേഴ്‌സുകൾ പുതുക്കിപ്പണിയാൻ നടപടി ഉണ്ടാകുന്നില്ല.

ക്വാർട്ടേഴ്‌സുകൾക്ക് സമീപത്തുള്ള സ്ഥലത്താണ് നഗരസഭ മുൻകൈയെടുത്ത് ബൈപ്പാസ് നിർമിച്ചിട്ടുള്ളത്. ഇത് ഹരിതഇടനാഴിയായി മാറ്റുന്നതിനുള്ള പ്രവൃത്തി പൂരോഗമിക്കുകയാണ്. ഇതിന് സമീപത്താണ് കാടുകയറിയ ക്വാർട്ടേഴ്‌സുകളുള്ളത്. കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്യണമെന്നാണ് പോലീസുകാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!