ബിജെപി നേതാവിന്റെ കൊലപാതകം: കർണാടകയിലെ കോൺഗ്രസ് എംഎൽഎയ്ക്ക് ജീവപര്യന്തം തടവ്

Share our post

ബെംഗളൂരു: ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ കർണാടകയിലെ കോൺഗ്രസ് എംഎൽഎ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവ്. ദാർവാഡ് റൂറൽ എംഎൽഎയും മുൻ മന്ത്രിയുമായ വിനയ് കുൽക്കർണി അടക്കമുള്ള 17 പ്രതികളെയാണ് ജനപ്രതിനിധികളുടെ കേസുകൾക്കായുള്ള പ്രത്യേക കോടതി ശിക്ഷിച്ചത്. കേസിൽ എംഎൽഎ ഉൾപ്പെടെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

2016 ജൂൺ 15-നാണ് ബിജെപി നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന യോഗേഷ്ഗൗഡ ഗൗഡറെ ദാർവാഡിലെ ജിംനേഷ്യത്തിൽവെച്ച് വെട്ടിക്കൊന്നത്. സംഭവത്തിൽ ആദ്യം ലോക്കൽ പോലീസും പിന്നീട് സിബിഐയും അന്വേഷണം നടത്തി. പോലീസ് അന്വേഷണത്തിൽ ആറ് പ്രതികളെയാണ് അറസ്റ്റ്‌ചെയ്തിരുന്നത്. പോലീസ് എഫ്‌ഐആറിൽ വിനയ് കുൽക്കർണിയുടെ പേരുണ്ടായിരുന്നില്ല. എന്നാൽ, 2019-ൽ കേസ് സിബിഐക്ക് കൈമാറി. തുടർന്ന് സിബിഐ നടത്തിയ അന്വേഷണത്തിലാണ് വിനയ് കുൽക്കർണിയെ പ്രതിചേർത്തത്. 2020 നവംബർ അഞ്ചിന് വിനയ് കുൽക്കർണി അറസ്റ്റിലായി.

2021 ഓഗസ്റ്റിൽ സുപ്രീംകോടതി കോൺഗ്രസ് നേതാവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തി 2025 ജൂണിൽ സുപ്രീംകോടതി തന്നെ ജാമ്യം റദ്ദാക്കി. പിന്നീട് കേസിൽ വിസ്താരം പൂർത്തിയാക്കിയശേഷം 2026 ഫെബ്രുവരിയിലാണ് വിനയ് കുൽക്കർണിക്ക് ജാമ്യം കിട്ടിയത്.

സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ കൊലക്കുറ്റവും ക്രിമിനൽ ഗൂഢാലോചനാക്കുറ്റവും പ്രതികൾക്കെതിരേ തെളിഞ്ഞതായി കോടതി കണ്ടെത്തി. തുടർന്നാണ് 17 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് വിനയ് കുൽക്കർണി അയോഗ്യനാവുകയുംചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!