വൈറല്‍ പെണ്‍കുട്ടിക്ക് മധ്യപ്രദേശില്‍ വോട്ടവകാശം; ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത് വിവാഹശേഷം

Share our post

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹ വിവാദത്തില്‍ വീണ്ടും ദുരൂഹത. ജനന സര്‍ട്ടിഫിക്കറ്റ് എസ് ടി കമ്മീഷന്‍റെ നിര്‍ദേശ പ്രകാരം മധ്യപ്രദേശ് സര്‍ക്കാര്‍ റദ്ദാക്കിയത് പെണ്‍കുട്ടിയുടെ വിവാഹശേഷം. സര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത് 2025 ജൂണില്‍. ജനന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയാണ് ആധാറും പാന്‍കാര്‍ഡും ലഭ്യമായത്. ഈ രേഖകളിലെല്ലാം പതിനെട്ട് വയസ് പൂര്‍ത്തിയായിരുന്നു. പെണ്‍കുട്ടിക്ക് മധ്യപ്രദേശില്‍ വോട്ട് അവകാശവുമുണ്ട്.

പെണ്‍കുട്ടി വിവാഹത്തിന് ഹാജരാക്കിയത് വ്യാജരേഖകളെന്ന വാദം പൊലീസും തള്ളിയിട്ടുണ്ട്. വിവാഹ റജിസ്ട്രേഷന് വേണ്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ ഒറിജിനലാണെന്ന് കാണിച്ച് തിരുവനന്തപുരം റൂറല്‍ എസ്.പി, ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. വിവാഹ റജിസ്ട്രേഷനായി പൂവാര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയപ്പോള്‍ ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് എന്നിവയാണ് തിരിച്ചറിയല്‍ രേഖകളായി സമര്‍പ്പിച്ചത്. ഇവ പരിശോധിച്ചപ്പോള്‍ അവ വ്യാജമല്ലെന്ന് സ്ഥിരീകരിച്ചെന്നും രേഖ പ്രകാരം 18 വയസ് പൂര്‍ത്തിയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം, രേഖകള്‍ തയാറാക്കാനായി നല്‍കിയത് തെറ്റായ വിവരങ്ങളാണോയെന്ന് കണ്ടെത്താന്‍ വിശദ അന്വേഷണം വേണം. അതിന് മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്നും തിരുവനന്തപുരം റൂറല്‍ എസ്.പി ജുവ്വനപടി മഹേഷ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. വ്യാജരേഖയുടെ സഹായത്തോടെയാണ് കല്യാണമെന്നാണ് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍റെ കണ്ടെത്തലും മധ്യപ്രദേശ് പൊലീസെടുത്ത കേസും.

മാർച്ച് 11 നാണ് പെൺകുട്ടി തമ്പാനൂർ പൊലീസിൽ എത്തുന്നത്. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നു വെന്നായിരുന്നു വാക്കാൽ പറഞ്ഞ പരാതി. തനിക്ക് കാമുകനൊപ്പം പോകണമെന്നും പെൺകുട്ടി പറഞ്ഞു. 18 വയസും മൂന്ന് മാസവുമാണ് പ്രായമെന്ന് ബോധ്യപ്പെട്ടതോടെയാണ് പെൺകുട്ടിയുടെ താല്‍പര്യപ്രകാരം വിട്ടയച്ചെന്നുമാണ് പൊലീസ് പറയുന്നത്. അതിനാല്‍ നിലവിലെ കേസിന് പിന്നിൽ പൊലീസ് ദൂരൂഹതകൾ സംശയിക്കുന്നുമുണ്ട്. പരിശോധനക്ക് ആധാർ നൽകിയത് പെൺകുട്ടിയുടെ പിതാവാണെന്നും പൊലീസ് വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!