ശ്വേതയ്ക്ക് ആശ്വാസം; നാളെ കേരളത്തിലേക്ക് മടങ്ങും, അനുമതി നല്‍കി കുവൈറ്റ് എയര്‍ലൈന്‍സ്

Share our post

തിരുവനന്തപുരം: സ്വന്തം വിവാഹത്തിന് എത്താന്‍ കഴിഞ്ഞേക്കില്ലെന്ന ആശങ്കയോടെ കുവൈത്തില്‍ കുടുങ്ങിയ ശ്വേതയ്ക്ക് ആശ്വാസം. നാളെ രാവിലെ കേരളത്തിലേക്ക് മടങ്ങാം. ഇതിനായി കുവൈത്ത് എയര്‍ലൈന്‍സ് അനുമതി നല്‍കി. ഈ ശനിയാഴ്ചയാണ് ശ്വേതയും വടകര സ്വദേശി അശ്വിനുമായുള്ള വിവാഹം.

സാമൂഹിക പ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ കണ്ണെത്തിന്റെ ഗ്യാരണ്ടിയിലാണ് ശ്വേതയ്ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാനുമതി നല്‍കിയത്. ഇന്ന് വൈകിട്ടോടെ ശ്വേത കുവൈറ്റില്‍ നിന്നും ദമാമിലേക്ക് തിരിക്കും. അവിടെ നിന്നും നാളെ രാവിലെയാണ് കൊച്ചിയിലേക്കുള്ള യാത്ര. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാലും സിപിഐഎം രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസും ശ്വേതയുടെ നാട്ടിലേക്കുള്ള യാത്രാ അനുമതിക്കായി ഇടപെട്ടിരുന്നു. 

കുവൈറ്റ് അംബാസിഡര്‍ക്കാണ് ജോണ്‍ ബ്രിട്ടാസ് കത്തയച്ചത്. ശ്വേതയുടെ വിസ റദ്ദാക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടത്. സമാന ആവശ്യം ഉന്നയിച്ച് കെസി വേണുഗോപാലും കുവൈറ്റ് അംബാസിഡര്‍ക്ക് കത്തയക്കുകയായിരുന്നു. പി പി സുനീര്‍ എംപിയും ഇടപെട്ടിരുന്നു.

കല്യാണത്തിന് അവധി ലഭിക്കാത്തതിനെ തുടര്‍ന്ന് ജോലി രാജിവെച്ച് നാട്ടിലേക്ക് വരാനിരുന്നതാണ് ശ്വേത. ജോലിക്ക് അവധി ലഭിക്കാതെ വന്നതോടെ കഴിഞ്ഞമാസം നാലിന് കുവൈറ്റ് എയര്‍ലൈന്‍സ് എച്ച് ആര്‍ വിഭാഗത്തിന് ശ്വേത രാജിക്കത്ത് കൈമാറിയിരുന്നു. എന്നാല്‍ ഒരു മാസം പിന്നിടുമ്പോഴും വിസ റദ്ദാക്കിയിട്ടില്ല. ഈ കാരണം പറഞ്ഞ് പാസ്‌പോര്‍ട്ടും രേഖകളും തടഞ്ഞു വെച്ചിരിക്കുകയായിരുന്നു കമ്പനി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!