ഗെയിമിങ് ആപ്പിൽ പണം നഷ്ടമായി; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
കാഞ്ഞങ്ങാട്: ഗെയിമിങ് ആപ്പിൽ അകപ്പെട്ട് പണം നഷ്ടമായ യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ 25കാരനാണ് ആത്മഹത്യാശ്രമം നടത്തിയത്. യുവാവിനെ ചെങ്കള ഇ കെ നായനാർ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുപുരം സ്വദേശിയിൽനിന്ന് ജില്ലാ മെഡിക്കൽ ഓഫീസറും കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റും മൊഴി രേഖപ്പെടുത്തി. പൊലീസും ആശുപത്രിയിലെത്തിയിരുന്നു.
യുവാവിന്റെ പരാതിയിൽ കാസർകോട് മുട്ടം സ്‌കൂളിനടുത്ത അൻസാറിനെതിരെ കാസർകോട് പൊലീസ് കേസെടുത്തു. പണം നിക്ഷേപിച്ചാൽ വൻ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് അൻസാർ ഗുരുപുരം സ്വദേശിക്ക് ഒരു ഗെയിം ആപ്പ് പരിചയപ്പെടുത്തുകയും ഇതിൽ പണമടക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 28 മുതൽ പല ദിവസങ്ങളിലായി 1,16,000 രൂപ ഗൂഗിൾ പേ വഴി നിക്ഷേപിച്ചു. 19000 രൂപ സുഹൃത്ത് വഴിയും നൽകി. യുവാവിന്റെ 15000 രൂപ വില വരുന്ന മൊബൈൽ ഫോണും കൈക്കലാക്കി.
തട്ടിപ്പായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞതോടെ യുവാവ് പണവും മൊബൈൽഫോണും തിരികെ നൽകാൻ അൻസാറിനോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് ആത്മഹത്യാശ്രമം നടത്തിയത്.
