രാത്രികാല ഉഷ്ണതരംഗം നഗരങ്ങളിലെ പുതിയ കാലാവസ്ഥാ ഭീഷണി; ജാഗ്രത വേണമെന്ന് പഠനം
ന്യൂഡൽഹി: ഇന്ത്യൻ നഗരങ്ങളിൽ പകൽ സമയത്തെ ഉഷ്ണതരംഗങ്ങളേക്കാൾ രാത്രികാലങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത ചൂട് വലിയ ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നതായി പഠന റിപ്പോർട്ട്. പകൽ അനുഭവപ്പെടുന്ന ചൂടിന് പിന്നാലെ രാത്രിയിലും താപനില കുറയാത്ത അവസ്ഥ (Compound Heatwaves) ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കാമെന്ന് പഠനം പറയുന്നു.
കാൺപൂരിലെ പി പി എൻ പിജി കോളേജ്, ബെഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവടങ്ങളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. 2001 മുതൽ 2024 വരെയുള്ള കാലയളവിലെ 100 സ്മാർട്ട് സിറ്റികളെയാണ് പഠനവിധേയമാക്കിയത്.
പ്രധാന കണ്ടെത്തലുകൾ
ഗംഗാ സമതലത്തിലെ നഗരങ്ങളിൽ രാത്രികാല ഉഷ്ണതരംഗങ്ങൾ വർധിച്ചുവരികയാണ്. തീരദേശ നഗരങ്ങളിലും മലയോര നഗരങ്ങളിലും രാത്രിയിലെ ചൂട് പ്രധാന വില്ലനാവുന്നു.
പഠനകാലയളവിൽ ശ്രീനഗറിലാണ് ഏറ്റവും കൂടുതൽ പകൽ-രാത്രി ഉഷ്ണതരംഗങ്ങൾ ഉണ്ടായത്. ഗുജറാത്തിലെ ദാഹോദിൽ കടുത്ത സംയുക്ത ഉഷ്ണതരംഗങ്ങളും (Compound Heatwaves), വാരണാസിയിൽ ഏറ്റവും തീവ്രമായ രാത്രികാല ചൂടും രേഖപ്പെടുത്തി.
എന്താണ് അപകടം
പകൽസമയത്തെ കടുത്ത ചൂടിന് ശേഷം ശരീരം തണുപ്പിക്കാൻ രാത്രിയിലെ കുറഞ്ഞ താപനില സഹായിക്കാറുണ്ട്. എന്നാൽ രാത്രിയിലും ചൂട് തുടരുന്നത് ശരീരത്തിന്റെ സ്വാഭാവിക തണുപ്പിക്കൽ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇത് ഹീറ്റ് സ്ട്രോക്ക് (Heat stroke) ഉണ്ടാക്കാം. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗാവസ്ഥകൾ വഷളാകാൻ വരെ കാരണമാകും.
നിലവിലുള്ള ഹീറ്റ് ആക്ഷൻ പ്ലാനുകൾ (HAPs) പ്രധാനമായും പകൽസമയത്തെ ചൂടിനെ പ്രതിരോധിക്കാനാണ് ഊന്നൽ നൽകുന്നത്. ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ തങ്ങളുടെ പദ്ധതികളിൽ രാത്രികാല ഉഷ്ണതരംഗങ്ങളെ ഒരു പ്രശ്നമായി ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ കാഷിഫ് ഇംദാദ് ചൂണ്ടിക്കാട്ടി. നിലവിൽ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലുമുള്ള പ്രതിരോധ പദ്ധതികൾ പകൽ 12 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയത്തെ ചൂട് കണക്കിലെടുത്താണ് തയ്യാറാക്കിയിരിക്കുന്നത്.
കെട്ടിടങ്ങളുടെ മുകളിൽ ചൂട് പ്രതിരോധിക്കുന്ന പെയിന്റുകളോ സാങ്കേതികവിദ്യയോ ഉപയോഗിക്കുക. നഗരങ്ങളിൽ മികച്ച വായുസഞ്ചാരം ഉറപ്പാക്കുന്ന രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക. നഗരങ്ങളിൽ മരങ്ങളും പച്ചപ്പും വർധിപ്പിക്കുക. ചൂട് കുറഞ്ഞ രീതിയിലുള്ള രാത്രികാല വിശ്രമകേന്ദ്രങ്ങൾ ഒരുക്കുക എന്നിങ്ങനെ നടപടികളും പഠനം ശുപാര്‍ശ ചെയ്യുന്നു.
ഗംഗാ സമതലങ്ങളിലും തീരദേശങ്ങളിലും
2001 മുതൽ 2024 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ 100 സ്മാർട്ട് സിറ്റികളെ കേന്ദ്രീകരിച്ച് ‘ഡൈയൂണൽ പെർസിസ്റ്റൻസ് ഇൻഡക്സ്’ (Diurnal Persistence Index) ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഗംഗാ സമതല നഗരങ്ങളിൽ പകൽ ചൂട് കുറയുന്നുണ്ടെങ്കിലും രാത്രികാല ചൂടും സംയുക്ത ഉഷ്ണതരംഗങ്ങളും വർധിക്കുന്നു.
ദക്ഷിണ പെനിൻസുലാർ ഇന്ത്യയിൽ ഇപ്പോഴും പകൽസമയത്തെ ഉഷ്ണതരംഗങ്ങളാണ് (Daytime heatwaves) വില്ലൻ. എന്നാൽ തീരദേശ – മലയോര നഗരങ്ങളിൽ രാത്രികാല ഉഷ്ണതരംഗങ്ങൾ (Night-time heatwaves) പ്രബലമാണ്. രാത്രിയിൽ അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രത (Humidity) ചൂടിനെ പുറത്തുപോകാതെ തടഞ്ഞുനിർത്തുന്നു. ഇത് വിയർപ്പ് ബാഷ്പീകരിക്കപ്പെടുന്നത് തടയുകയും ശരീരം തണുപ്പിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.
മാത്രമല്ല, കോൺക്രീറ്റ് കെട്ടിടങ്ങളും ടാർ റോഡുകളും പകൽസമയത്ത് ചൂട് ആഗിരണം ചെയ്യുകയും രാത്രിയിൽ അത് പുറത്തുവിടുകയും ചെയ്യുന്നു. നഗരങ്ങളിൽ രാത്രികാല താപനില സാധാരണയേക്കാൾ ഉയർന്നുനിൽക്കുന്ന ‘അർബൻ ഹീറ്റ് ഐലൻഡ്’ (Urban Heat Island) പ്രതിഭാസം വർധിക്കാൻ ഇത് കാരണമാകുന്നു.
കൗൺസിൽ ഓൺ എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ (CEEW) 2025-ൽ പുറത്തുവിട്ട റിപ്പോർട്ടും സമാനമായ കണ്ടെത്തലുകളെ ശരിവെച്ചിരുന്നു. ഇന്ത്യയിലെ 70 ശതമാനത്തിലധികം ജില്ലകളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാത്രിയിലെ ചൂട് ഗണ്യമായി വർധിച്ചുവെന്നാണ് അവരുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. വരും വർഷങ്ങളിൽ കാലാവസ്ഥാ നയങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ പഠനങ്ങൾ വിരൽ ചൂണ്ടുന്നത്.
