റേഞ്ച് റോവർ മാത്രമല്ല ഇന്നോവ ഹൈക്രോസും;മുമ്പും സ്വകാര്യവാഹനത്തിൽ സര്‍ക്കാര്‍ബോര്‍ഡ് വെച്ച് ഷാജിയുടെ യാത്ര
കാസര്‍കോട്: മന്ത്രി കെ എം ഷാജി അനുമതിയില്ലാതെ സ്വകാര്യ വാഹനം ഉപയോഗിച്ചത് ആദ്യമായല്ലെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കണ്ണൂര്‍ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ ഉടമസ്ഥതയിലുള്ള റേഞ്ച് റോവറിന് പുറമേ ഇന്നോവ ഹൈക്രോസ് കാറിലും മന്ത്രി സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാസര്‍കോടുള്ള മുസ്‌ലിം ലീഗ് നേതാവ് സിദ്ധിഖ് പള്ളിപ്പുഴയുടെ കാറാണ് ജില്ലയില്‍ നടന്ന ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാനായുള്ള യാത്രകളില്‍ മന്ത്രി ഉപയോഗിച്ചത്. ഗസ്റ്റ് ഹൗസില്‍ വാഹനം ഒഴിവുണ്ടായിട്ടും മന്ത്രി സ്വകാര്യ വാഹനം തെരഞ്ഞെടുക്കുകയായിരുന്നു. ടൂറിസം വകുപ്പിന്റെ കാര്‍ വേണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. കാര്‍ ഉടമയുടെ വീട്ടില്‍ മന്ത്രി സത്കാരത്തിനും മന്ത്രി എത്തിയിരുന്നു.
മന്ത്രി അവസാനമായി ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ കാസര്‍കോട് എത്തിയത് ഓഗസ്റ്റ് 29നാണ്. രാത്രി ട്രെയിന്‍ മാര്‍ഗം എത്തിയ മന്ത്രി, 30ന് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തു. 29ന് റെയില്‍വേ സ്റ്റേഷനില്‍ നിന്നും മന്ത്രിയെ സ്വീകരിക്കാനും പിന്നീടുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്കും കറുത്ത നിറത്തിലുള്ള ഇന്നോവ ഹൈക്രോസാണ് ഉപയോഗിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചിരിക്കുന്നത്.
KL 60X0505 എന്ന കാഞ്ഞങ്ങാട് രജിസ്‌ട്രേഷന്‍ വാഹനമാണ് മന്ത്രി ഉപയോഗിച്ചത്. ഗള്‍ഫില്‍ വ്യവസായി കൂടിയായ മുസ്‌ലിം ലീഗ് നേതാവിന്റെ വാഹനം ഔദ്യോഗിക പരിപാടികള്‍ക്ക് പുറമേ കല്യാണം ഉള്‍പ്പെടെയുള്ള സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുമ്പോഴും മന്ത്രി ഉപയോഗിച്ചിരുന്നു. മന്ത്രിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും സ്വീകരിക്കുന്ന സമയത്ത് എടുത്ത ചിത്രങ്ങള്‍ അടക്കം ഒപ്പമുണ്ടായിരുന്നവര്‍ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
അതേസമയം മന്ത്രി കെ എം ഷാജിയുടെ ആഢംബര കാര്‍ യാത്രാ വിവാദത്തില്‍ സര്‍ക്കാരിനും ലീഗിനും ഭിന്നാഭിപ്രായമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എല്ലാ യാത്രയ്ക്കും അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി വാദിക്കുമ്പോഴും ഒരു ദിവസം മാത്രം യാത്ര നടത്തിയെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. റെയ്ഞ്ച് റോവര്‍ ഉപയോഗിക്കാന്‍ കെ എം ഷാജിക്ക് അനുമതി നല്‍കിയത് ഒരു യാത്രയ്ക്ക് മാത്രമാണെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാകുന്നത്. കണ്ണൂരില്‍ നിന്ന് കൂര്‍ഗിലേക്ക് പോകാനാണ് അനുമതി നല്‍കിയതെന്നാണ് രേഖയിലുള്ളത്. ലീഗിലെ ഒരു വിഭാഗത്തിനും ഷാജിയുടെ ആഢംബര കാര്‍ യാത്രയില്‍ കടുത്ത അതൃപ്തിയുണ്ട്.
