പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനം: മലയോര മേഖലയിലെ ഗ്രാമങ്ങളിൽ ആശങ്ക ശക്തം

Share our post

കൊച്ചി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം ഏഴാമത് കരട് വിജ്ഞാപനം കേരളത്തിലെ മലയോര മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിർദ്ദിഷ്ട പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തൃതി കണക്കാക്കുകയാണെങ്കിൽ കർണ്ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്താണ് കേരളം.കേരളത്തിലെ 131 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാർ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്. ആകെ 9,993.7 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് ഇതിലുൾപ്പെടുള്ളത്. ഇതിൽ 9,107 ചതുരശ്ര കിലോമീറ്റർ വനഭൂമിയും, 886.7 ചതുരശ്ര കിലോമീറ്റർ വനേതര ഭൂമിയുമാണ്.

കൃഷിക്ക് കടുത്ത നിയന്ത്രണങ്ങൾ വന്നേക്കുമോ എന്നതാണ് കരട് വിജ്ഞാപനത്തിന് പിന്നാലെ ഉയരുന്ന പ്രധാന ആശങ്ക. പരിസ്ഥിതി ലോലപ്രദേശങ്ങളിൽ ഭൂമി വിൽക്കുന്നതിനും ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നതിനും തടസ്സങ്ങൾ നേരിട്ടേക്കാമെന്നതും ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഭൂമിയുടെ തരംമാറ്റത്തിനും വീടുകൾ ഉൾപ്പെടെയുള്ള സാധാരണ കെട്ടിട നിർമ്മാണങ്ങൾക്കും അനുമതി ലഭിക്കുന്നതിനും നിലവിലെ കരട് വിജ്ഞാപനം ദുഷ്കരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. റോഡുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ അടിസ്ഥാന സൗകര്യ വികസനങ്ങൾ സ്തംഭിക്കാനും ഇടയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്വാറികളും മണൽ ഖനനവും നിലയ്ക്കുന്നത് സംസ്ഥാനത്തെ നിർമ്മാണ മേഖലയെ സാരമായി ബാധിച്ചേക്കാമെന്നതും ആശങ്കയും ശക്തമാണ്.

പരിസ്ഥിതി ലോല മേഖലകളിൽ മണൽ, പാറ ഖനനങ്ങളും ക്വാറി പ്രവർത്തനങ്ങളും പൂർണ്ണമായും നിരോധിക്കും. നിലവിൽ പ്രവർത്തിക്കുന്നവ അഞ്ച് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നിർത്തലാക്കണമെന്നും നിർദ്ദേശമുണ്ട്. മലിനീകരണമുണ്ടാക്കുന്ന ‘റെഡ് കാറ്റഗറി’ വ്യവസായങ്ങൾക്ക് പൂർണ്ണ നിരോധനമുണ്ടാകും. പുതിയ താപവൈദ്യുത നിലയങ്ങൾക്ക് യാതൊരു കാരണവശാലും അനുമതി നൽകില്ല. ജലവൈദ്യുത പദ്ധതികൾക്ക് കർശന നിയന്ത്രണങ്ങളോടെയാകും അനുമതി. ഒപ്പം 20,000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ തറവിസ്തീർണ്ണമുള്ള വലിയ കെട്ടിട നിർമ്മാണങ്ങൾക്ക് അനുമതി ഉണ്ടായിരിക്കുന്നതല്ല. 50 ഹെക്ടറോ അതിൽ കൂടുതലോ വിസ്തീർണ്ണമുള്ള വലിയ റിയൽ എസ്റ്റേറ്റ്, ടൗൺഷിപ്പ് പദ്ധതികൾ പൂർണ്ണമായും തടയുകയും ചെയ്യും.

പശ്ചിമഘട്ടത്തിന്റെ തനതായ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നതാണ് വിജ്ഞാപനത്തിന്റെ പ്രധാന ലക്ഷ്യം. പശ്ചിമഘട്ടത്തിന് ലഭിച്ചിട്ടുള്ള ലോക പൈതൃക പദവി നിലനിർത്തുക. പരിസ്ഥിതി സംരക്ഷണത്തിലൂടെ വികസിത രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കാർബൺ ഫണ്ട് ലഭ്യമാക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. എന്നാൽ പരിസ്ഥിതി ലോല പ്രദേശമായി കരടുവിജ്ഞാപനത്തിൽ കണക്കാക്കുന്ന 131 വില്ലേജുകളുടെ പട്ടികയിൽ നിന്ന് 33 വില്ലേജുകൾ ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാരിൻ്റെ ആവശ്യം. കൂടാതെ ആകെ വിസ്തീർണ്ണം 8590 ചതുരശ്ര കിലോ മീറ്റർ ആയി ചുരുക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു. ജനവാസ മേഖലകൾ, കാർഷിക ഭൂമികൾ, തോട്ടങ്ങൾ എന്നിവയെ നിയന്ത്രണ പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി വനപ്രദേശങ്ങളെ മാത്രം പരിസ്ഥിതി ലോല പ്രദേശമായി പരിമിതപ്പെടുത്തണമെന്നാണ് സംസ്ഥാനം കേന്ദ്രത്തിനോടു ആവശ്യപ്പെട്ടിട്ടുള്ളത്.

കേരളത്തിലെ 131 വില്ലേജുകളെ ഉൾപ്പെടുത്തിയതിൽ ഇടുക്കിയിലും ആശങ്ക ശക്തമാണ്. 51 വില്ലേജുകളാണ് ഇടുക്കിയിൽ മാത്രം പരിസ്ഥിതി ലോല പ്രദേശങ്ങളായി ഉൾപ്പെടുത്തിരിക്കുന്നത്. ഇതിനെതിരെ ഇടുക്കിയിൽ ഇന്ന് 52 പഞ്ചായത്തുകളിലും ഒരേ സമയം അടിയന്തര ‘സ്പെഷ്യൽ ഗ്രാമസഭകൾ’ ചേർന്ന് പ്രമേയം പാസാക്കും. രണ്ട് മണിക്കാണ് ഗ്രാമ സഭകൾ. 98 വില്ലേജുകളിലെ 8,590.69 ചതുരശ്ര കിലോമീറ്റർ വനമേഖല മാത്രം ഉൾപ്പെടുത്തി ഇ.എസ്.എ പരിമിതപ്പെടുത്തുക. ഡിജിറ്റൽ അതിർത്തി നിർണ്ണയവും ജനകീയ അഭിപ്രായവും പരിഗണിക്കുക. ഇഎസ്എ നിയന്ത്രണങ്ങൾ ജനവാസ മേഖലകളിൽ ബാധകമാക്കരുത്. കർഷകരുടെ ഉപജീവന മാർഗ്ഗങ്ങൾക്കും വികസന പദ്ധതികൾക്കും, റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും അനാവശ്യമായ തടസ്സങ്ങൾ സൃഷ്ടിക്കരുത്. ഏഴാമത്തെ കരട് വിജ്ഞാപനം പുനഃപരിശോധിക്കുക എന്നിവയാണ് പ്രമേയത്തിൽ ഉള്ളത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!