അന്ന് ധൂർത്ത് ആരോപിച്ചു, വീണ്ടും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുമോ സർക്കാർ? കരാർ അവസാനിച്ചതോടെ പുതിയ ശുപാർശയുമായി ചിപ്സൺ
തിരുവനന്തപുരം: സർക്കാരിൻ്റെ വാടക ഹെലികോപ്റ്ററിന് പുതിയ ശുപാർശകൾ മുന്നോട്ട് വെച്ച് ചിപ്സൺ ഏവിയേഷൻ കമ്പനി. ആവശ്യം അനുസരിച്ച് മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ പറപ്പിക്കാമെന്നാണ് ശുപാർശ. എൽഡിഎഫ് കാലത്തെ കരാർ ഇന്നലെ തീർന്ന സാഹചര്യത്തിലാണ് പുതിയ ശുപാർശ. മുഖ്യമന്ത്രിയാണ് ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്.
ആകാശത്തോളം ഉയർന്ന വിവാദങ്ങളാണ് ഇടത് കാലത്തെ വാടക ഹെലികോപ്റ്ററിലുണ്ടായത്. ആദ്യം പവൻ ഹൻസുമായി കരാർ, പിന്നീട് ചിപ് സൺ കമ്പനി. നിലവിൽ പ്രതിമാസം 25 മണിക്കൂർ പറക്കലിന് 80 ലക്ഷമാണ് വാടക. അധികമുള്ള മണിക്കൂറിന് 90,000 രൂപ. പറപ്പിച്ചാലും ഇല്ലെങ്കിലും വാടക നൽകണം. വാടക ഹെലികോപ്റ്റർ ധൂർത്തെന്ന ആക്ഷേപമാണ് യുഡിഎഫ് ഉയർത്തിയത്. സർക്കാർ മാറിയിട്ടും നേരത്തെ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറന്നു.
ഇന്നലെയായിരുന്നു കരാർ കാലാവധി തീർന്നത്. കരാർ പുതുക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. വീണ്ടും ടെണ്ടറിലേക്ക് പോയാൽ തുക ഉയരുമെന്നും അതിനാൽ കരാർ തുടർന്നാൽ മതിയെന്നായിരുന്നു ശുപാർശ. പക്ഷെ മുഖ്യമന്ത്രി തീരുമാനമെടുത്തില്ല. ഇതോടെയാണ് പുതിയ ശുപാശയുമായി ചിപ്സൺ ഏവിയേഷൻ സർക്കാരിനെ സമീപിച്ചത്.
സർക്കാർ ആവശ്യപ്പെടുമ്പോൾ മണിക്കൂറിന് നാലു ലക്ഷത്തിന് പറക്കാമെന്നാണ് ശുപാർശ. ഇതിൽ നിയമപ്രശ്നങ്ങൾ ബാക്കിയാണ്. ടെണ്ടർ വിളിക്കാതെ ഒരു കമ്പനിയുടെ ശുപാർശ അംഗീകരിക്കാൻ കഴയുമോയോ എന്നതാണ് പ്രശ്നം. ടെണ്ടർ വിളിച്ചാൽ ചിപ്സൺ നൽകിയതിനെക്കാൾ കുറഞ്ഞ തുക ക്വട്ട് ചെയ്യുന്ന കമ്പനിക്ക് ടെണ്ടർ ലഭിക്കും. ഈ ശുപാർശ അംഗീകരിക്കണോ പുതിയ ടെണ്ടർ വിളിക്കണോ വാടക ഹെലികോപ്റ്റർ ഇനി വേണോ എന്നതിൽ നയപരമായ തീരുമാനം മുഖ്യമന്ത്രിയുടെ കോർട്ടിലാണ്. അടുത്തയാഴ്ചയോടെ തീരുമാനമുണ്ടായേക്കും
