ദീർഘകാല വൈദ്യുതി കരാർ ഇല്ലാത്ത 12 വർഷം; ഇപ്പോൾ ലഭ്യമാകുന്നത് 2014-ലെ കരാർ അടിസ്ഥാനത്തിൽ, പ്രതിസന്ധി രൂക്ഷം
കൊച്ചി: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ കേരളത്തിന് വൈദ്യുതി വാങ്ങാൻ 12 വർഷത്തിനിടെ ഒരു ദീർഘകാല കരാർ പോലുമുണ്ടായില്ല. ഉണ്ടായതെല്ലാം ഹ്രസ്വകാല കരാറുകൾ മാത്രം. അല്ലാത്തവയെല്ലാം സൗരോർജമോ കാറ്റാടി വൈദ്യുതിയോ ആയിരുന്നു. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കുള്ള പ്രധാന കാരണവും ഇതാണ്. ദീർഘകാല കരാറിലൂടെ കേരളത്തിന് ഇപ്പോൾ ലഭിക്കുന്ന 750 മെഗാവാട്ട് വൈദ്യുതി 2014-ലോ അതിന് മുൻപോ ഒപ്പിട്ടതാണ്.
കേരളത്തിന് പീക്ക് അവറിൽ, ആവശ്യമുള്ളത് 5,400 മെഗാവട്ടാണ്. പക്ഷേ, കൈവശമുള്ളത് 4,300 മെഗാവാട്ട് മാത്രമാണ്. ഇതിൽ 1,700 മെഗാവാട്ടും കേന്ദ്രവിഹിതമാണ്. 1,800 മെഗാവാട്ട് ആഭ്യന്തര ജലവൈദ്യുതോത്പാദനവും. പിന്നെയുള്ളതിൽ 750 മെഗാവാട്ടും ദീർഘകാലകരാർ മുഖേനയാണ് ലഭിക്കുന്നത്.
സംസ്ഥാനം വൈദ്യുതിപ്രതിസന്ധിയിലേക്ക് പോകും എന്ന് മുൻകൂട്ടിക്കണ്ടാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കേ ദീർഘകാലകരാറുകളിലേക്കുപോയത്. അതെല്ലാം 25 വർഷത്തേക്കുള്ളവയായിരുന്നു. ഝാർഖണ്ഡിലെ മൈത്തൺ പവർ പ്ലാന്റിൽനിന്ന് 2013-ലും 2014-ലും 150 മെഗാവാട്ട് വീതം വാങ്ങാൻ കരാറിലൊപ്പിട്ടിരുന്നു. 2014-ൽ ന്യൂഡൽഹിയിലെ ജിൻഡാൽ പവർ ലിമിറ്റഡിൽനിന്ന് 200 മെഗാവാട്ടും ചത്തീസ്ഗഢിലെ ഭാരത് അലുമിനിയം കമ്പനി ലിമിറ്റഡിൽനിന്ന് (ബാൽകോ) 100 മെഗാവാട്ടും പശ്ചിമബംഗാളിലെ ദാമോദർവാലി കോർപ്പറേഷന്റെ മെജിയ തെർമൽ പവർ സ്റ്റേഷനിൽനിന്ന് 100 മെഗാവാട്ടും രഘുനാഥ്പുര തെർമൽ പവർ സ്റ്റേഷനിൽനിന്ന് 50 മെഗാവാട്ടും വൈദ്യുതിക്കാണ് കരാറിൽ ഏർപ്പെട്ടത്. ഇതിനൊപ്പമാണ് പിന്നീട് റദ്ദാക്കപ്പെടുകയും വിവാദമാവുകയും ചെയ്ത യൂണിറ്റിന് 4.29 രൂപയ്ക്കുള്ള 465 മെഗാവാട്ട് വൈദ്യുതി വാങ്ങൽ കരാറും ഒപ്പിട്ടത്.
ഇതിനുശേഷം 500 മെഗാവാട്ടിന്റെ 15 വർഷത്തെ കരാറിനായി ടെൻഡർ വിളിച്ചിരുന്നു. മധ്യപ്രദേശിലെ എം.ബി. പവർ, ശാരദ എനർജി ആൻഡ് മിനറൽസ് ലിമിറ്റഡ് എന്നിവയാണ് ടെൻഡറിൽ പങ്കെടുത്തത്. ഇവർ യൂണിറ്റിന് 6.52 രൂപയും 6.39 രൂപയുമാണ് രേഖപ്പെടുത്തിയത്. ഈ നിരക്ക് അധികമായതിനാൽ ടെൻഡർ റദ്ദാക്കി. പിന്നീട് ദീർഘകാല കരാറുകളൊന്നും ഉണ്ടായില്ല. പകരം ഹ്രസ്വകാല കരാറുകളാണ് ഉണ്ടായത് അതാകട്ടെ 6.19 രൂപ മുതൽ 8.69 രൂപവരെയുള്ള നിരക്കുകളിലാണ് കരാറൊപ്പിട്ടത്.
