മെഡിക്കൽ ലാബിൽ വിരുന്നെത്തി, കാട്ടുതാറാവും 10 മക്കളും; അമ്പരന്ന് ജീവനക്കാർ

Share our post

തളിപ്പറമ്പ് : വിവിധ പരിശോധനകൾക്കായി ജനങ്ങൾ എത്തുന്ന മെഡിക്കൽ ലാബിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നവരെക്കണ്ട് ലാബ് ജീവനക്കാർ അമ്പരന്നു. ഒരു കാട്ടുത്താറാവും പിന്നാലെ 10 കുട്ടികളുമാണ് ചുറുചുറുക്കോടെ പരിയാരം ചുടലയിലെ ലിയോ ലാബിലേക്ക് ഇന്നലെ ഉച്ചയോടെ കടന്നുവന്നത്. പേടിയൊന്നുമില്ലാതെ ലാബിലേക്ക് കടന്നുവന്ന് അകത്തെ മുറിയിൽ അഭയംതേടിയ വിരുന്നുകാരിയെയും മക്കളെയും കണ്ട് അമ്പരപ്പ് മാറാതെ ലാബ് ജീവനക്കാർ ഉടൻ വാതിലടച്ച് സുരക്ഷ ഉറപ്പാക്കി.

തുടർന്ന് തളിപ്പറമ്പ് വനം അധികൃതരെ വിവരമറിയിച്ചു. അമ്മയ്ക്കും കുട്ടികൾക്കും കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കാനും ലാബ് ജീവനക്കാർ മറന്നില്ല. തളിപ്പറമ്പ് റേഞ്ച് ഓഫിസർ സനൂപ് കൃഷ്ണന്റെ നിർദേശ പ്രകാരം വനംവകുപ്പിന്റെയും മാർക്കിന്റെയും റെസ്ക്യൂവറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി കുഞ്ഞുങ്ങളെ ആദ്യം ഒരു പെട്ടിയിൽ കയറ്റി. ആദ്യമൊന്ന് മടിച്ച് മുറിയിൽ ഓടി നടന്നെങ്കിലും മക്കളെ പെട്ടിയിലാക്കിയതു കണ്ട് അമ്മയും പിടികൊടുത്തു. സമീപക്കുള്ള കുളത്തിൽ എത്തിച്ച് പെട്ടി തുറന്നപ്പോൾ അമ്മത്താറാവ് വെള്ളത്തിൽ ചാടി മക്കൾക്കായി കാത്തുനിന്നു. പിന്നീട് പെട്ടിയിൽനിന്ന് പുറത്തു ചാടിയ മക്കൾ നീന്തി അടുത്തെത്തിയപ്പോൾ എല്ലാവരെയും നയിച്ച് അമ്മത്താറാവ് ചെടികൾക്കിടയിലേക്ക് നീന്തിക്കയറി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!