ഈ പഴത്തെ കുറിച്ച് പറഞ്ഞാൽ നാട്ടുകാർ ഒതേനന്റെ അങ്കംവെട്ടുവരെയെത്തും; കതിരൂറിന്റെ ‘പൊന്ന്’ ലോകത്തിനു മുന്നിലേക്ക്…

Share our post

‘‘പഴുത്താൽ നല്ല സ്വർണനിറം. രുചിയും മധുരവും കേമം. കായ വറുത്തതാണെങ്കിൽ രുചിയുടെ കാര്യം പറയേണ്ടതില്ല..’’ പൊന്ന്യം നേന്ത്രനെക്കുറിച്ചു നാട്ടുകാർ പറഞ്ഞുതുടങ്ങിയാൽ അതു കതിരൂർ ഗുരുക്കളുടെയും തച്ചോളി ഒതേനന്റെയും അങ്കംവെട്ടുവരെയെത്തും. അന്നുതൊട്ടേ പ്രശസ്തമാണ് പൊന്ന്യം നേന്ത്രൻ. നാടിന്റെ കാർഷികപാരമ്പര്യം വീണ്ടെടുക്കാൻ കതിരൂർ പഞ്ചായത്തിന്റെ ശ്രമം പൊന്ന്യം നേന്ത്രനെ ലോകത്തിനു പരിചയപ്പെടുത്തിക്കൊണ്ടാണ്. ഗ്രീൻ ഗോൾഡ് ബനാന പദ്ധതിയിലൂടെ കതിരൂർ ബ്രാൻഡ് വിപണിയിലെത്തും

പൊന്ന്യം നേന്ത്രന്റെ ഉൽപാദന വിപണനത്തിനായുള്ള പഞ്ചായത്ത് പദ്ധതിയാണ് ‘ഗ്രീൻ ഗോൾഡ് ബനാന’. പഞ്ചായത്തിലെ പൊന്ന്യം, ചുടങ്ങാപ്പൊയിൽ, കക്കറ, കുണ്ടുചിറ, പന്ന്യന്നൂർ, മൊകേരി എന്നീ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി കൃഷിചെയ്യുന്ന നാടൻ വാഴയിനമാണു പൊന്ന്യം നേന്ത്രൻ. കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കതിരൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊന്ന്യം നേന്ത്രവാഴക്കൃഷിയെക്കുറിച്ചുള്ള പരമ്പരാഗത വാഴകർഷകരുടെ ചർച്ചയിൽ ഒട്ടേറെ പുതുമയുള്ള കാര്യങ്ങളാണു പറയാനുണ്ടായിരുന്നത്. മൂന്നര നൂറ്റാണ്ടു മുൻപ് കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും പൊന്ന്യം ഏഴരക്കണ്ടത്തിൽ അങ്കംവെട്ടിയ കാലം മുതലേ പൊന്ന്യത്തെ നേന്ത്രവാഴയും പഴവും പ്രശസ്തമാണെന്ന് കതിരൂർ പഞ്ചായത്തിലെ പൊന്ന്യം 14ാം വാർഡ് കല്ലുമ്മൽ ഹൗസിൽ കെ.രവി (78) ഓർത്തെടുക്കുന്നു.

‘‘വലിയ ഡിമാന്റാണ് പൊന്ന്യം നേന്ത്രപ്പഴത്തിന്. പഴുത്താൽ നല്ല സ്വർണനിറം. രുചിയും മധുരവും കേമം. ചിപ്സിനു തലശ്ശേരിയിലെ പ്രമുഖ ബേക്കറി ഇവിടത്തെ പഴം മാത്രമേ എടുക്കാറുള്ളൂ. കനം കുറഞ്ഞ് തരിതരിയായ ചിപ്സ് പഴം കൊണ്ടേ ശരിയാവൂ’’ കൃഷിക്കാരൻ കുണ്ടുചിറയിലെ കെ.സി.ചന്ദ്രൻ (79) തന്റെ ഓർമകൾ പറയുന്നു.

പൊന്ന്യം തയ്യിൽ മുക്കിലെ പൊനോൻ ഭരതൻ, പൊന്ന്യത്തെ ശശിധരൻ, എ.ടി.അസ്മ, കുണ്ടുചിറയിലെ ചെള്ളത്തു രവി, പൊന്ന്യത്തെ ശ്രീനിവാസൻ, കുണ്ടുചിറയിലെ പി.പവിത്രൻ, പൊന്ന്യത്തെ ഗൗരി, പഞ്ചായത്തംഗവും കർഷകനുമായ എ.പി.ജയേന്ദ്രൻ, പഞ്ചായത്ത് കാർഷിക ഗ്രൂപ് അംഗവും ഹൈടെക് കർഷകനുമായ കെ.നൂറുദ്ദീൻ തുടങ്ങിയവർ തങ്ങളുടെ കൃഷിയറിവുകളും ആദ്യകാല കൃഷിരീതികളും പങ്കുവച്ചു. മിക്കവർക്കും പ്രധാന ഉപജീവനമായിരുന്നു അന്ന് വാഴക്കൃഷി. പഴയതോതിൽ അല്ലെങ്കിലും ഇന്നും വാഴക്കൃഷി ചെയ്യുന്നവരാണിവർ. അടുത്തകാലം വരെ 60 ഹെക്ടർ സ്ഥലത്തു നേന്ത്രവാഴക്കൃഷി ചെയ്തിരുന്നിടത്ത് ഇപ്പോൾ 40 ഹെക്ടറിലാണു കൃഷി. തനതു വാഴക്കന്നുകൾ കുറഞ്ഞതാണു കാരണം.

വിപണിയിലേക്ക് കതിരൂർ ബ്രാൻഡ്
മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്നതിനുപകരം കരപ്പറമ്പ് ഉൾപ്പെടെ എല്ലാ സീസണിലും കൃഷി ചെയ്ത് ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനുതകുന്നവിധം കാർഷിക കലണ്ടർ തയാറാക്കാൻ പഞ്ചായത്തിന് ഉദ്ദേശ്യമുണ്ട്. ഇങ്ങനെ ഉൽപാദിപ്പിക്കുന്ന പഴങ്ങൾ വിപണനം നടത്താനും ഇതിൽനിന്നു മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി ‘കതിരൂർ ബ്രാൻഡി’ൽ വിപണിയിൽ എത്തിക്ക‌ും.പഞ്ചായത്തിലെ നേന്ത്രവാഴക്കൃഷിക്കാരെ വിവിധ ക്ലസ്റ്ററുകളാക്കി തിരിച്ച് അവർക്കു മണ്ണുപരിശോധന മുതൽ ശാസ്ത്രീയ കൃഷിരീതികൾ പരിശീലിപ്പിച്ചു ഉൽപാദനശേഷി 50 ശതമാനം വർധിപ്പിക്കുകയാണു പഞ്ചായത്തിന്റെ പ്രധാനലക്ഷ്യം. ഇതു മുൻനിർത്തിയാണു പരമ്പരാഗതകൃഷിക്കാരുടെ അനുഭവസമ്പത്തും കൃഷിയറിവുകളും മുതൽക്കൂട്ടാക്കി ഇത്തരമൊരു ചർച്ച സംഘടിപ്പിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!