വൈദ്യുതി മുടക്കം; ഏറെക്കാലമായി നഷ്ടത്തിലായ മെഴുകുതിരി വിപണിക്ക് പ്രതീക്ഷയുടെ വെളിച്ചം!

Share our post

ആലപ്പുഴ : വൈദ്യുതി മുടക്കത്തിനിടയിൽ മെഴുകുതിരി വിപണിക്ക് ആശ്വാസം. ഏറെക്കാലമായി നഷ്ടത്തിലായ വിപണിക്ക് പവർകട്ട് കാലത്ത് വീണ്ടും പുത്തൻ ഉണർവ് ലഭിച്ചിരിക്കുകയാണ്. കുറച്ച് വർഷങ്ങളായി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മാത്രമാണ് കച്ചവടം മുന്നോട്ട് പോകുന്നത്. എന്നാൽ അപ്രതീക്ഷിതമായ വൈദ്യുതി മുടക്കം വിപണിയിൽ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. നിലവിൽ ഒരു കിലോ മെഴുകുതിരിക്ക് 240 രൂപയാണ് വില. ചില്ലറ വിൽപനയിൽ ഒരു മെഴുകുതിരി 10 രൂപയ്ക്ക് അടക്കം ലഭ്യമാണ്.

അസംസ്കൃത വസ്തുവായ പാരഫിൻ വാക്സിന്റെ വിലയാണ് ഈ മേഖലയിലെ പ്രതിസന്ധിയുടെ പ്രധാന കാരണം. 180 രൂപയാണ് ഒരു കിലോഗ്രാമിന്റെ വില. വാക്സിന്റെ വില കഴിച്ച് 60 രൂപയാണ് ലാഭമായി കച്ചവടക്കാർക്ക് ലഭിക്കുന്നത്. ഈ തുകയിൽ നിന്ന് വേണം തൊഴിലാളികൾക്ക് കൂലി കൊടുക്കാനും തിരിയുടെയും കവറിന്റെയും തുക കണ്ടെത്താനുമെല്ലാം.

100 ഗ്രാം ഭാരമുള്ള ആറ് തിരികൾക്ക് 30 രൂപയാണ് വില വരുന്നത്. നിർമാണച്ചെലവ് കഴിഞ്ഞാൽ വ്യാപാരികൾക്ക് ലഭിക്കുന്നത് തുച്ഛമായ തുക മാത്രം. നിലവിൽ ആലപ്പുഴ ജില്ലയിൽ മാത്രം ചെറുതും വലുതുമായ 150 ഓളം മെഴുകുതിരി യൂണിറ്റുകള‌ുണ്ട്. കച്ചവടം കുറഞ്ഞത് കാരണം പ്രവർത്തനം അവസാനിപ്പിച്ച യൂണിറ്റുകളുടെ എണ്ണവും കൂടുതലാണ്. എന്നാൽ കുടുംബശ്രീ യൂണിറ്റുകളടക്കം പരിശീലനം നൽകുന്നത് കാരണം ഇപ്പോഴും ആളുകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്.

അതേസമയം ഡെക്കറേറ്റിവ് കാൻഡിലുകളുടെ വിപണിയിൽ പുതിയൊരു മാറ്റത്തിനും വിപണി സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആഘോഷവേളകളിൽ ഗിഫ്റ്റുകൾ നൽകാനും മുറികൾ അലങ്കരിക്കാനും ഇത്തരം മെഴുകുതിരികൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഹൗസ് ബോട്ടുകളിലും റിസോർട്ടുകളിലും മറ്റും ജെൽ, അരോമ മെഴുകുതിരികളുടെ ഉപയോഗവും കൂടിയിട്ടുണ്ട്. ഇത് ഈ മേഖലയിലേക്ക് കൂടുതൽ സംരംഭകർ കടന്നുവരാൻ കാരണമാകുന്നുണ്ട്.

 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!